കവരത്തി: ലക്ഷദ്വീപിലേക്ക് ഐഎസ് തീവ്രവാദികള്‍ ബോട്ട് മാര്‍ഗം എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരള-ലക്ഷദ്വീപ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് സുരക്ഷ ശക്തമാക്കി. ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപിനും ചുറ്റും കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ വിന്യസിച്ചിരിക്കുകയാണ്. മേഖലയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്.
കോസ്റ്റ് ഗാര്‍ഡിന് പുറമെ ഇന്ത്യന്‍ നാവികസേനയും തീരദേശ പോലീസും കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ തീര സംരക്ഷണ സേനയുടെ കപ്പലുകള്‍ നിരീക്ഷണം ഊര്‍ജ്ജിമാക്കിയതോടെ കേരള- തമിഴ്നാട് തീരത്തേക്ക് ഇവര്‍ എത്താനുള്ള സാധ്യതയാണ് കേന്ദ്ര- സംസ്ഥാന ഏജന്‍സികള്‍ കാണുന്നത്. അതുകൊണ്ടു തന്നെ കടലില്‍ ദുരൂഹസാഹചര്യത്തില്‍ കാണുന്ന ബോട്ടുകളെ നിരീക്ഷിക്കുകയും വിവരം അറിയിക്കുകയും വേണമെന്ന് കോസ്റ്റ് ഗാര്‍ഡും പോലീസും മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ മിനിക്കോയ് ദ്വീപ് കേന്ദ്രീകരിച്ചാണ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ തെരച്ചില്‍ നടത്തുന്നത്. മെയ് 23-ന് ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തീരത്ത് നിരീക്ഷണം ശക്തമാക്കിയത്. വെള്ള നിറമുള്ള ബോട്ടുകളില്‍ പതിനഞ്ചോളം ഐഎസ് തീവ്രവാദികള്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് ലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്കിയ വിവരം.
Discussion about this post