ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി രാജിവെക്കാന്‍ തീരുമാനിച്ചത്.
രാഹുലിന്റെ രാജി സന്നദ്ധത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഐക്യകണ്‌ഠ്യേന തള്ളിയിരുന്നു. എന്നാല്‍ രാജി വിഷയത്തില്‍ പ്രിയങ്ക രാഹുലിനെ പിന്തുണച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അല്പംകൂടി സമയം കൊടുക്കണം എന്നാണ് പ്രിങ്കയുടെ അഭിപ്രായം.
രാജി നിലപാടില്‍ ഉറച്ച് നിന്നതോടെ രാഹുലിന് പകരം മറ്റാര് വരും എന്നതായിരുന്നു പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ആശങ്ക. ചിലര്‍ പ്രിയങ്കയുടെ പേര് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ സഹോദരിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.
Discussion about this post