ന്യൂഡല്‍ഹി: ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങളെപ്പോലെയൊരാളാണ്. സാമൂഹികമായ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു തിരഞ്ഞെടുപ്പ്. തന്നെ നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍ഡിഎയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും കടപ്പെട്ടിരിക്കുന്നുവെന്നും നരേന്ദ്ര മോഡി. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും
ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോഡി. പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും മോഡി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങള്‍ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും മോഡി പറഞ്ഞു.
തിരഞ്ഞെടുപ്പ് ജനങ്ങളെ വിഭജിക്കുമെന്നും ജനങ്ങളില്‍ അകലം സൃഷ്ടിക്കുമെന്നും അവര്‍ക്കിടയില്‍ മതിലുകള്‍ ഉയര്‍ത്തുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പ് മതിലുകള്‍ പൊളിക്കുന്നതായിരുന്നു. പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മള്. ഭരണ അനുകൂല ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. വിശ്വാസത്തിന്റെ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത്.
ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടിയാണ് ഈ വിശ്വാസത്തിന് ജന്മം നല്‍കിയത്. ഇവിടെ ഇരിക്കുന്നവരെല്ലാം ജനങ്ങള്‍ നമ്മെ വിശ്വസിച്ചതുകൊണ്ടാണ് എത്തിയത്. അതുകൊണ്ടാണ് വിജയിക്കാന്‍ സാധിച്ചത്- മോഡി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയധികം വനിതാ എംപിമാര്‍ പാര്‍ലമെന്റില്‍ എത്തുന്നത്. വനിതാ ശാക്തീകരണത്തിന് ഇത് വഴിയൊരുക്കും. ജനപ്രതിനിധികള്‍ക്ക് അതിരുകളില്ല. മുമ്പ് നമ്മളോടൊപ്പമുണ്ടായിരുന്നവര്‍ക്കും നാളെ നമ്മളോടൊപ്പമുണ്ടാകുന്നവര്‍ക്കും ഒപ്പമാണ് നമ്മള്.
ഈ വിജയം മോഡിയുടേതല്ല, ജനങ്ങള്‍ നല്കിയ വിജയമാണ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. അഹങ്കാരം വെടിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും മോഡി എംപിമാരോട് ഉപദേശിച്ചു. പ്രധാനമന്ത്രിയാണെങ്കിലും പ്രത്യേകമായ പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. വിഐപി സംസ്കാരം അവസാനിപ്പിക്കേണ്ടതുണ്ട്. വിമാനത്താവളങ്ങളില്‍ എത്തുമ്പോഴും പരിഗണന ലഭിക്കണമെന്നില്ല, മറ്റുള്ളവരോടൊപ്പം വരി നിന്ന് സുരക്ഷാ പരിശോധനകള്‍ക്കായി കാത്തിരിക്കാന്‍ തയ്യാറാണെന്നും മോഡി പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ഭീതിയില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു. ഈ രീതി നമ്മള് അവസാനിപ്പിക്കണം. ദളിതര്‍, ദരിദ്രര്‍, ഇരകള്‍, പരിഗണന ലഭിക്കാത്തവര്‍, വനവാസികള്‍ എന്നിവര്‍ക്കായി ഈ സര്‍ക്കാര്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് 2014 ല്‍ ഞാന്‍ പറഞ്ഞിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം അതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- മോഡി പറഞ്ഞു.
ആരെയും വഴിയില്‍ പിന്നിലാക്കി അവഗണിക്കില്ല. ആരോടും വേര്‍തിരിവ് കാട്ടില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം എല്ലാവര്ക്കും വിശ്വാസം ഇതിനിവേണ്ടിയാണ് നമ്മള് പ്രവര്‍ത്തിക്കുക. എല്ലാ സര്‍ക്കാരുകളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്യാനല്ല ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാണ് നമ്മളിവിടെ എത്തിയതെന്നും മോഡി പറഞ്ഞു.
വേദിയില്‍ സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ പ്രതിയില്‍ തലതൊട്ട് വണങ്ങിയാണ് മോഡി പ്രസംഗം ആരംഭിച്ചത്. തന്നെ നേതാവായി തിരഞ്ഞെടുത്ത എല്ലാ പാര്‍ട്ടി എംപിമാര്‍ക്കും, എന്‍ഡിഎ പാര്‍ട്ടികളുടെ എംപിമാര്‍ക്കും മോഡി നന്ദി അറിയിച്ചു. തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുമെന്നും മോഡി ഉറപ്പുനല്‍കി.
Discussion about this post