രാഹുല്‍ ഗാന്ധിയുടെ രാജി പ്രവര്‍ത്തക സമിതി തള്ളി; പാര്‍ട്ടി പുനസംഘടനയ്ക്ക് നീക്കം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി പ്രവര്‍ത്തക സമിതി. എന്നാല്‍ തന്റെ നിലപാട് മാറ്റാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ലെന്നാണ് സൂചന. സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ പാര്‍ട്ടി ചുമതലപ്പെടുത്തി.

പാര്‍ട്ടിക്കേറ്റ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. ഈ നിലയില്‍ പാര്‍ട്ടിയെ നയിക്കാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. എന്നാല്‍ രാജിയാവശ്യം പ്രവര്‍ത്തക സമിതി ഐക്യകണ്‌ഠേന തള്ളി. രാജിയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്ന് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

താഴെത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തകസമിതി ചുമതലപ്പെടുത്തി. സംഘടനാ ദൗര്‍ബല്യം പരാജയ കാരണമായി വിലയിരുത്തിയ പാര്‍ട്ടി പുനസംഘടനയുടെ ചുമതലയും അധ്യക്ഷനെ ഏല്‍പ്പിച്ചു. വേണ്ടിവന്നാല്‍ പാര്‍ട്ടി ഭരണഘടന പൊളിച്ചെഴുതാം. മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഉള്‍പ്പോര് പരാജയ കാരണമായെന്ന വിമര്‍ശനമുണ്ട്.

Exit mobile version