ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നലെ ജലപ്രതിനിധികളെയും ഘടകകക്ഷികളയും മോഡി അഭിസംബോധന ചെയ്ത ചടങ്ങില്‍ മോഡിയെ പ്രകീര്‍ത്തിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
2014ല്‍ നരേന്ദ്ര മോഡിയെ ജനങ്ങള്‍ പരീക്ഷിച്ചു. പരീക്ഷണം വിജയമെന്ന് കണ്ട ജനം വീണ്ടും മോഡിയ്ക്ക് തന്നെ അവസരം നല്കിയെന്നും അമിത് ഷാ പറഞ്ഞു. ‘ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും മോഡി അവധിയെടുത്തിട്ടില്ല. അദ്ദേഹത്തെ ഒരിക്കല്‍ പോലും ഞാന്‍ അലസനായി കണ്ടിട്ടില്ല. ദിവസവും 18 മണിക്കൂറാണ് നമ്മുടെ പ്രധാനമന്ത്രി ജോലിയെടുക്കുന്നത്.
ജനങ്ങള്‍ നരേന്ദ്രമോഡിയെ വിശ്വസിച്ചു. ഗുജറാത്ത് മോഡല്‍ വികസനം ഇന്ത്യയിലാകെ പ്രാവര്‍ത്തികമാകുമെന്ന് ജനതയ്ക്കറിയാമായിരുന്നു. അതു കൊണ്ട് തന്നെയാണ് അവര്‍ വീണ്ടും മോഡിയെ തെരഞ്ഞെടുത്തത്’ അമിത് ഷാ പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ തീവ്രവാദത്തെ ഗൗരവത്തോടെ കണ്ടിട്ടില്ലെന്നും മോഡി സര്‍ക്കാരിന്റെ കീഴിലാണ് ഇവിടത്തെ ജനതയ്ക്ക് ആദ്യമായി തീവ്രവാദത്തിനെതിരെ ശക്തമായി നില്‍ക്കുന്ന ഒരു നേതാവ് തങ്ങള്‍ക്കുണ്ടെന്ന ആത്മധൈര്യം കൈവന്നതെന്നും അമിത് ഷാ പറഞ്ഞു.