ന്യൂഡല്‍ഹി: കടം വീട്ടാതെ രാജ്യത്തിന് പുറത്ത് കടക്കാനൊരുങ്ങിയ ജെറ്റ് എയര്‍വേസ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനെയും ഭാര്യ അനിതയെയും മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു.
എമിറേറ്റ്സ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ ശ്രമിക്കവെയാണ് ഇവരെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്. ഇരുവര്‍ക്കുമെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ജെറ്റ് എയര്‍വേസ് പ്രതിസന്ധി സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ജെറ്റ് എയര്‍വേസ് നിലവില്‍ 1.2 ശതകോടി ഡോളറിന്റെ കടത്തിലാണുള്ളത്. ജീവനക്കാര്‍ക്കും എണ്ണക്കമ്പനികള്‍ക്കും ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയാണ് കൊടുത്ത് തീര്‍ക്കാനുള്ളത്. ഏപ്രില്‍ 17 മുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.