ന്യൂഡല്‍ഹി: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തു. അമിത് ഷാ പേര് നിര്‍ദേശിച്ചു. രാജ്നാഥ് സിങും ഗഡ്കരിയും പിന്താങ്ങി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മോഡിയെ തിരഞ്ഞെടുത്തു. പ്രകാശ്സിങ് ബാദല്‍ പേര് നിര്‍ദേശിച്ചു. നിതീഷ് കുമാറും ഉദ്ധവ് താക്കറെയും പിന്താങ്ങി. മുതിര്‍ന്ന നേതാക്കളായ അഡ്വാനിയും മുരളീ മനോഹര്‍ ജോഷിയും ആശംസകള്‍ നേര്‍ന്നു.
ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍വെച്ചാണ് എന്‍ഡിഎയുടെയും ബിജെപിയുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോഡിയെ തിരഞ്ഞെടുത്തത്. എന്‍ഡിഎ നേതാവ് നരേന്ദ്ര മോഡിയെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഏകകണ്ഠേന തിരഞ്ഞെടുത്ത എല്ലാ സഖ്യകക്ഷികള്‍ക്കും എംപിമാര്‍ക്കും നന്ദി അറിയിക്കുന്നതായി അമിത് ഷാ പറഞ്ഞു. മോഡി വികസനവാഗ്ദാനങ്ങള്‍ പാലിച്ചു. സാധാരണക്കാര്‍ മോഡിയെ വിശ്വസിച്ചുവെന്നതിന്റെ തെളിവാണ് വിജയം. കുടുംബരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണിതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും യോഗത്തില്‍ പങ്കെടുത്തു.
മോഡി ഇന്ന് രാത്രി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് കമ്മിഷണര്‍മാരും നിയുക്ത എംപിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറി. മോഡി നാളെ വൈകീട്ട് അമ്മയെ കാണാന്‍ ഗുജറാത്തിലേയ്ക്ക് പോകും. മറ്റന്നാള്‍ വാരാണസിയിലെത്തും.
വ്യാഴാഴ്ച്ചയാണ് സത്യപ്രതിജ്ഞ. കൂട്ടായ്മയും കരുത്തുറ്റ നേതൃത്വവുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ആധാരമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തില്‍ മോഡി പറഞ്ഞു.
Discussion about this post