കണ്ണൂര്‍: വ്യോമാക്രമണ സമയത്ത് മഴമേഘങ്ങള്‍ ഗുണകരമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം ശരിവെച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. മേഘങ്ങള്‍ ഉണ്ടെങ്കില്‍ യുദ്ധ വിമനങ്ങള്‍ക്ക് ചില റഡാറുകളില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നും. അതെസമയം മേഘങ്ങള്‍ ഉള്ളപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനമുള്ള റഡാറുകള്‍ ഉണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.
കൂടാതെ അതിര്‍ത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ ഉണ്ടെന്നും, അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബിപിന്‍ റാവത്ത് അറിയിച്ചു. സാങ്കേതിക മികവ് സൈന്യം തുടര്‍ച്ചയായി വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കരസേന മേധാവി കണ്ണൂരില്‍ അഭിപ്രായപ്പെട്ടു.
മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്റെ റഡാറുകളില്‍ നിന്ന് ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ക്ക് രക്ഷനേടാമെന്ന തന്ത്രം താനാണ് പറഞ്ഞുകൊടുത്തതെന്ന് നേരത്തെ നരേന്ദ്രമോഡി പറഞ്ഞിരുന്നു. ബാലാക്കോട്ട് ആക്രമണത്തിനു മഴയും മേഘങ്ങളും തടസ്സമായപ്പോള്‍ താനാണ് വ്യോമസേനയോടു ഈ ആശയം മുന്നോട്ടുവച്ചതെന്നായിരുന്നു മോഡിയുടെ പ്രസ്താവന. പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായി തുടരുമ്പോഴാണ് കരസേന മേധാവിയുടെ വിശദീകരണം.
Discussion about this post