ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ
തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗം തുടങ്ങി. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിലാണ് യോഗം ചേരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. മുതിര്‍ന്ന നേതാവ് പി ചിദംബരം, സിദ്ധരാമയ്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇവരെ കൂടാതെ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എകെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതെസമയം കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ മുതിര്‍ന്ന നേതാക്കള്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ രാജിക്കാര്യത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവനും രാജിവെച്ചത്, ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന മോഡിക്കെതിരായ പ്രചാരണത്തിന്റെ പരാജയം, അമേഠിയിലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റ് രാഹുലിനു നിലനിര്‍ത്താനാകാതെ പോയത് തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തും.