ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കാഴ്ചവെച്ച ബിജെപി
മന്ത്രിസഭാ രൂപവത്കരണ നീക്കങ്ങള്‍ തുടങ്ങി. ഇതിനുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും പാര്‍ട്ടിയ അധ്യക്ഷന്‍ അമിത്ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തുടങ്ങി. അധ്യക്ഷ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ അമിത് ഷാ പ്രധാനവകുപ്പോടെ മന്ത്രിസഭയില്‍ രണ്ടാമനായേക്കും.
ആഭ്യന്തരമായിരിക്കും അമിത് ഷായ്ക്കു നല്‍കുകയെന്നാണു സൂചന. എന്നാല്‍ മന്ത്രിസഭയില്‍ ചേരുന്നതിനെക്കുറിച്ച് അമിത് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല. അമിത് ഷാ ആഭ്യന്തരമന്ത്രിയായാല്‍ നിലവിലുള്ള മന്ത്രി രാജ്നാഥ് സിങ്ങിന് പ്രതിരോധ വകുപ്പു നല്‍കിയേക്കും. മുതിര്‍ന്ന മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിമാരും പുതിയ മന്ത്രിസഭയിലും തുടരും.
ആരോഗ്യപ്രശ്‌നങ്ങളാല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പുതിയ മന്ത്രിസഭയില്‍ ഉണ്ടാകാനിടയില്ല. സുഷമ ഇക്കുറി ലോക്സഭയിലേക്കു മത്സരിച്ചിരുന്നില്ല. ജെയ്റ്റ്ലിക്കുപകരം പീയുഷ് ഗോയല്‍ ധനകാര്യവും സുഷമയ്ക്കു പകരം നിര്‍മലാ സീതാരാമന്‍ വിദേശകാര്യവും കൈകാര്യംചെയ്യാനാണു സാധ്യത.
കഴിഞ്ഞ മന്ത്രിസഭയില്‍ നന്നായി പ്രവര്‍ത്തിച്ച നിതിന്‍ ഗഡ്കരി, പ്രകാശ് ജാവഡേക്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, ജെപി നഡ്ഡ, നരേന്ദ്ര സിങ് തോമര്‍, രാജ്യവര്‍ധന്‍ റാത്തോഡ്, ജയന്ത് സിന്‍ഹ എന്നിവര്‍ പുതിയ മന്ത്രിസഭയിലും തുടരും. ഇതില്‍ സ്വതന്ത്രചുമതല വഹിക്കുന്ന രാജ്യവര്‍ധന്‍ റാത്തോഡ്, ജയന്ത് സിന്‍ഹ എന്നിവരെ കാബിനറ്റ് മന്ത്രിമാരാക്കും. രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ വീഴ്ത്തിയ സ്മൃതി ഇറാനിക്കും പ്രധാന സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. സ്മൃതിയെ സ്പീക്കര്‍ പദവിയിലേക്കു പരിഗണിക്കുന്നതായി സൂചനയുണ്ട്.
മന്ത്രിസഭയിലെ ഏക മുസ്ലിം മുഖമായ മുക്താര്‍ അബ്ബാസ് നഖ്വിക്കും സ്ഥാനക്കയറ്റമുണ്ടാകും. നിലവില്‍ സഹമന്ത്രിയാണ് അദ്ദേഹം. ഉഡാന്‍ വ്യോമയാന പദ്ധതി യാഥാര്‍ഥ്യമാക്കിയ ജയന്ത് സിന്‍ഹയ്ക്ക് അതേ വകുപ്പില്‍ കാബിനറ്റ് പദവി നല്‍കും.