ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധനായെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുറപ്പിച്ചത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി രാഹുല്‍ രാജി കാര്യം സംസാരിച്ചതായി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്താസമ്മേളനം വിളിച്ച് രാജിക്കാര്യം അറിയിക്കാനാണ് തീരുമാനം. മെയ് 25 ന് നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നാളെ അടിയന്തരമായി പ്രവര്‍ത്തക സമിതി ചേരുന്നത് രാജിക്കാര്യം തീരുമാനിക്കാനാണെന്നും പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കാനാണ് സോണിയ നിര്‍ദേശിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയും അമേഠിയിലെ പരാജയവും കാരണം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ നിലപാടിനോട് മുതിര്‍ന്ന നേതാക്കല്‍ പ്രതികരിച്ചത് കടുത്ത തീരുമാനങ്ങള്‍ വേണ്ടെന്നാണ്. സോണിയ ഗാന്ധിയും രാഹുലിന്റെ തീരുമാനത്തെ എതിര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അമേഠിയില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ഒന്നോ രണ്ടോ റൗണ്ടിലൊഴികെ ബാക്കിയുള്ള എല്ലാ ഘട്ടത്തിലും ലീഡ് നിലനിര്‍ത്തിയത് സ്മൃതിയാണ്. അതേസമയം രാഹുല്‍ വയനാട്ടില്‍ നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
Discussion about this post