ന്യൂഡല്‍ഹി: 2014ലെ വിജയത്തേക്കാളും വലിയ മികച്ച വിജയമാണ് ഇത്തവണ ബിജെപി നേടിയത്. ചരിത്ര വിജയമാണെന്ന് ബിജെപി നേടിയതെന്ന് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണ 2014-ല്‍ 282 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ ഏറിയത്. എന്നാല്‍ ഇത്തവണ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. വലിയ ഒറ്റകക്ഷിയായിട്ടാണ് ബിജെപി അധികാരത്തിലെത്തിയത്.
ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോഡി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്‌സഭ സീറ്റിലാണ് 303 സീറ്റ് നേടിയത്. എന്നാല്‍ ഈ വിജയത്തിന് മങ്ങല്‍ ഏല്‍ക്കുന്ന ചില സംസ്ഥാനങ്ങളുണ്ട്. അതില്‍ ആദ്യം എടുത്ത് പറയേണ്ടത് കേരളമാണ്. ഇവിടെ ബിജെപി ഒരു സീറ്റ് പോലും നേടാന്‍ ആവുന്നില്ല എന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേരളം മാത്രമല്ല ബിജെപിക്ക് പിടികൊടുക്കാത്തത്.
തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലുമാണ് ബിജെപി തറപറ്റിയത്. ഇവിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും ബിജെപിക്ക് ആയില്ല.
വൈഎസ്ആര്‍ ആന്ധ്രപ്രദേശില്‍ ചരിത്രവിജയം നേടിയാണ് അധികാരത്തില്‍ എത്തിയത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ഡിഎംകെയും ഇത്തവണ ഉജ്ജ്വല വിജയമാണ് കാഴചവച്ചത്. 38 ലോക്‌സഭ സീറ്റുകളില്‍ 23 സീറ്റുകളാണ് ഡിഎംകെ നേടിയത്. രണ്ട് മണ്ഡലങ്ങളുള്ള മേഘാലയ, ഒരു മണ്ഡലം മാത്രമുള്ള മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ അവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയമുറപ്പിച്ചത്. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനേ സാധിച്ചിട്ടില്ല.
അതേസമയം ഒഡിഷ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചിട്ടുണ്ട്. 21 ലോക്‌സഭ സീറ്റില്‍ 12 സീറ്റുകളാണ് ഒഡിഷയിലെ പ്രദേശിക പാര്‍ട്ടിയായ ബിജു ജനതാദള്‍ നേടിയത്. ഇവിടെ ഏട്ട് സീറ്റുകളില്‍ വിജയമുറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസ് വന്‍ വിജയം കാഴ്ചവച്ചപ്പോള്‍ തൊട്ട് പുറകിലായി ബിജെപി ഉണ്ടായിരുന്നു. 13 മണ്ഡലങ്ങളില്‍ 8 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ 2 സീറ്റില്‍ ബിജെപി വിജയമുറപ്പിച്ചിരുന്നു.
Discussion about this post