ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച നെഹ്റു കുടുംബത്തിലെ അംഗം പ്രിയങ്കാ ഗാന്ധിക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബിജെപി ഉത്തരേന്ത്യയൊട്ടാകെ തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെല്ലാം നിഷ്പ്രഭരായി. ബിജെപി പോലും തിരിച്ചടി പ്രവചിച്ചിരുന്ന യുപിയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. കനത്ത പരാജയമാണ് മുന്നില്‍ നിന്ന് പ്രചാരണം നയിച്ച പ്രിയങ്കാ ഗാന്ധിക്ക് നേരിടേണ്ടി വന്നത്.
കിഴക്കന്‍ യുപിയുടെ പ്രചാരണച്ചുമതലയുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിക്ക് കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് പോകുന്നത് നോക്കി നില്‍ക്കാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. സഹോദരന് വേണ്ടി അമേഠിയില്‍ പ്രചാരണം നയിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞതവണ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ അരലക്ഷത്തിനടുത്ത് വോട്ടിനാണ് രാഹുല്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങിയത്. അതേസമയം, പ്രിയങ്ക ഗാന്ധിക്ക് ചുമതലയുണ്ടായിരുന്ന 26 മണ്ഡലങ്ങളില്‍ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഇതും പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയെ കരിനിഴലിലാക്കി.
അണികള്‍ ഏറെ ആവേശത്തിലായിരുന്നു പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍. ഇത് കോണ്‍ഗ്രസിന് പകര്‍ന്ന പ്രതീക്ഷ ചെറുതല്ല. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള രൂപസാദൃശ്യവും അണികളേയും മാധ്യമങ്ങളേയും വാചാലരാക്കി. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ തീര്‍ത്തും ദുഷ്കരമായ ദൗത്യമാണ് പാര്‍ട്ടിയില്‍ കന്നിക്കാരിയായ സഹോദരിയെ ഏല്പിച്ചതെന്ന് ഈ തോല്‍വിയോടെ വ്യക്തം. കോണ്‍ഗ്രസിന്റെ അടിത്തറയിളകിയ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുക അത്ര എളുപ്പമല്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
Discussion about this post