ന്യൂഡല്‍ഹി: ഗാന്ധി കുടുംബാംഗങ്ങളെ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന്റെ തിളക്കത്തില്‍ എന്നും വിജയിപ്പിച്ച അമേഠി ഇത്തവണ രാഹുല്‍ ഗാന്ധിയെ കൈവിട്ടിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് അപ്രത്യക്ഷമായേനെ. കുടുംബത്തിന്റെ കുത്തക മണ്ഡലം കൈവിട്ടപ്പോഴും വയനാട് നാല് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചത്.
2004 മുതല്‍ അമേഠിയില്‍ നിന്നാണ് രാഹുല്‍ വിജയിക്കുന്നത്. എന്നാല്‍ നാലാം വട്ടം മണ്ഡലത്തിലെ ജനങ്ങള്‍ രാഹുലിനെ തള്ളിപ്പറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പില്‍ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുല്‍ ജയിച്ചത്. 2009ല്‍ ഭൂരിപക്ഷം 3.7 ലക്ഷമായി. കഴിഞ്ഞ തവണ ഒരുലക്ഷത്തില്പരം വോട്ടിനു തോല്‍പ്പിച്ച സ്മൃതി ഇറാനിയോടാണ് ഇത്തവണ രാഹുല്‍ അടിയറവ് പറഞ്ഞിരിക്കുന്നത്.
ചരിത്രത്തില്‍ രണ്ടുതവണ മാത്രമാണ് അമേഠി കോണ്‍ഗ്രസിനെ കൈവിട്ടത്. 1977 ല്‍ ജനത പാര്‍ട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിങും, 1998 ല്‍ ബിജെപി നേതാവ് സഞ്ജയ് സിങും ഇവിടെ നിന്നും ലോക്സഭയിലെത്തി. എന്നാല്‍ 42 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അമേഠിക്കാര്‍ ഗാന്ധികുടുംബാംഗത്തെ തോല്‍പ്പിക്കുന്നത്.
സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തില്‍നിന്ന് ഇതേ മണ്ഡലത്തില്‍ തോറ്റ ആള്. 1977ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. ജനതാ പാര്‍ട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ്നെ തോല്പിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയും തോറ്റിരുന്നു. അതിനുശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണു മണ്ഡലം കാത്തത്.
അടിയന്തരാവസ്ഥക്ക് ശേഷം സഞ്ജയ് ഗാന്ധിയെ മുക്കാല്‍ ലക്ഷം വോട്ടിനാണ് അമേഠിക്കാര്‍ തോല്‍പ്പിച്ചത്. പക്ഷേ 1980 ല്‍ 128,545 വോട്ടിന് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. വിമാനാപകടത്തില്‍ സഞ്ജയ് മരിച്ചശേഷം ജ്യേഷ്ഠന് രാജീവ് അമേഠിയിലെത്തി. 1981 ല്‍ രാജീവ് 237,696 വോട്ടിനാണ് ജയിച്ചത്. 1984ല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ രാജീവ് ഭൂരിപക്ഷം 314,878 ആക്കി ഉയര്‍ത്തി. 1989 ല്‍ ഭൂരിപക്ഷം 202,138 ഉം 1991 ല്‍ 112,085 ഉം ആയി. അതേ വര്‍ഷം തന്നെ അദ്ദേഹം തമിഴ് പുലികളുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു.
രാജീവിനു ശേഷം, ഗാന്ധികുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശര്‍മയെ 1998 ല്‍ ബിജെപിയുടെ സഞ്ജയ് സിങ് തോല്‍പ്പിച്ചു. ഒരു വര്‍ഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിച്ചു. 2004 മുതല്‍ മൂന്നുവട്ടം രാഹുല്‍ ഇവിടെ നിന്നു തുടര്‍ച്ചയായി ജയിച്ചു. ഒടുവില്‍ അമേഠിയിലെ ജനങ്ങള്‍ ഗാന്ധികുടുംബത്തേയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെയും പരാജയപ്പെടുത്തി.
രാജീവിന്റെ മരണശേഷം രാഷ്ട്രീയത്തില്‍ നിന്നും അകന്നു ജീവിക്കുകയായിരുന്നു സോണിയാ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലും. തലപ്പത്ത് ഗാന്ധിയില്ലാത്ത കാലത്ത് കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു. പാര്‍ട്ടി ശിഥിലമാകുമെന്ന് തോന്നിപ്പിച്ച ആ കാലത്താണ് സോണിയ രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. 1999 ല്‍ അമേഠിയില്‍ നിന്ന് സോണിയ മത്സരിക്കാന്‍ തീരുമാനിച്ചു. ഇരുപത്തിമൂവായിരത്തില്പരം വോട്ടിന് കോണ്‍ഗ്രസിനെ വിട്ട അമേഠിക്കാര്‍ മൂന്നു ലക്ഷം വോട്ട് ഭൂരിപക്ഷത്തില്‍ സോണിയയെ തിരഞ്ഞെടുത്തു.
തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കപ്പെട്ടു. അമ്മ സോണിയ ഗാന്ധികുടുംബത്തിന്റെ അഭിമാന മണ്ഡലം മകന് ഒഴിഞ്ഞുകൊടുത്ത് റായ്ബറേലിയിലേക്ക് അങ്കക്കളം മാറ്റി. 2004 ല്‍ 2,90853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ആദ്യമായി ലോക്സഭയിലെത്തി. 2009 ല്‍ 3,70,198 ആക്കി രാഹുല്‍ ഭൂരിപക്ഷം ഉയര്‍ത്തി.
എന്നാല്‍ 2014 ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ പടയോട്ടത്തില്‍ ഭൂരിപക്ഷം 1,07,903 ആയി ചുരുങ്ങി. അതിന്റെ തുടര്‍ച്ചയായി ഈ തിരഞ്ഞെടുപ്പില്‍ ഗാന്ധികുടുംബത്തെ ഒരിക്കല്‍ കൂടി അമേഠിക്കാര്‍ ഉപേക്ഷിച്ചു. മുന്‍പ് 1998 ലാണ് ബിജെപി ഇവിടെ ജയിച്ചത്. പിന്നീടിപ്പോള്‍, 21 വര്‍ഷത്തിനു ശേഷം സ്മൃതി ഇറാനി ഗാന്ധികുടുംബത്തിലെ ഇളമുറക്കാരനില്നിന്ന് ബിജെപിക്കുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു.
2014ല്‍ സ്മൃതി ഇറാനി രാഹുലിനോടു തോറ്റെങ്കിലും ബിജെപി അവരെ കേന്ദ്രമന്ത്രിയാക്കി. പദവി ലഭിച്ചെങ്കിലും തോല്പിച്ച മണ്ഡലത്തെ സ്മൃതി കൈവിട്ടില്ല. മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു അവര്‍.
21 ാം വര്‍ഷത്തില്‍ ഇവിടെ ബിജെപി വിജയം നേടുമെന്ന് ഇവിടുത്തെ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. ആ വിശ്വാസം ശരിയായി. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത, യുഡിഎഫ് സ്ഥാനാര്‍ഥികളെ മാത്രം ജയിപ്പിക്കുന്ന വയനാട്ടില്‍നിന്ന് രാഹുല്‍ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
1977 ല്‍ സഞ്ജയ് ഗാന്ധി തോല്ക്കാന് വ്യക്തമായ കാരണമുണ്ടായിരുന്നെങ്കിലും ഇന്ന് രാഹുലിന്റെ തോല്‍വിക്കുള്ള കാരണം ഏറെ ചര്‍ച്ച ചെയ്യപ്പെടും. സ്വന്തം മണ്ഡലത്തില്‍ തോറ്റതും പാര്‍ട്ടിയെ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചതുപോലെയൊരു വിജയത്തിലേക്ക് നയിക്കാന്‍ കഴിയാതെ പോയതും പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനം ഏറും.
Discussion about this post