മാണ്ഡ്യ: ജെഡിഎസ് സ്ഥാനാര്‍ത്ഥി നിഖില്‍ കുമാരസ്വാമിയും നടിയും അന്തരിച്ച മുന്‍ എംപി അംബരീഷിന്റെ ഭാര്യയുമായ സുമതലയും കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കേവല ഭൂരിപക്ഷത്തിന് സുമലതയാണ് മുന്നിട്ടുനില്‍ക്കുന്നത്. വെറും നാല് ശതമാനത്തോളം വോട്ടുകളുടെ വ്യത്യാസമേ ഇപ്പോള്‍ സുമലതയും നിഖില്‍ കുമാരസ്വാമിയും തമ്മിലുള്ളൂ. എന്നാല്‍ ഏത് നിമിഷവും മാറി മറിയനുള്ള സാധ്യതയും ഉണ്ട്.
കോണ്‍ഗ്രസ്- ബിജെപി ടിക്കറ്റുകള്‍ വേണ്ടെന്ന് വച്ചുകൊണ്ടാണ് ഭര്‍ത്താവ് അംബരീഷിന്റെ പ്രഭാവത്തില്‍ മാത്രം വിശ്വസിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ബിജെപിയുടേയും പിന്തുണ സുമലതയ്ക്ക് ഏകദേശം ഉറപ്പാക്കാനായിരുന്നു. മാണ്ഡ്യയില്‍ പ്രചാരണപരിപാടികളില്‍ വന്‍ ജനപങ്കാളിത്തവും സുമലതയ്ക്ക് ലഭിച്ചിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും സുമലതയ്ക്ക് ലഭിച്ചിരുന്നു. പലരും പരസ്യമായി തന്നെ സുമതലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല ബിജെപിയും സുമതലയെ പിന്തുണയ്ക്കാന്‍ മുന്നോട്ട് വന്നിരുന്നു.
എന്നാല്‍ നടന്‍ കൂടിയായ നിഖിലിന് പ്രചാരണ രംഗത്ത് വന്‍ ഓളം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. മാണ്ഡ്യ ജനതാ ദളിന് വന്‍ സ്വാധീനമുളള മണ്ഡലമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും തൂത്ത് വാരിയെന്ന ആത്മവിശ്വാസവും മണ്ഡലത്തില്‍ ദളിന് ഉണ്ടായിരുന്നു.
Discussion about this post