ന്യൂഡല്‍ഹി: രണ്ട് മാസം നീണ്ട പ്രചാരണകാലത്തിനൊടുവില്‍ ഇന്ത്യ ആര് ഭരിക്കുമെന്ന കാര്യം ഇന്ന് അറിയാം. ജനവിധിയ്ക്കായി കാത്തിരിക്കുകയാണ് രാജ്യം. 543 മണ്ഡലങ്ങളില്‍ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് അനധികൃതമായി പണം കണ്ടെത്തിയതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയിരുന്നു.
കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യഫലസൂചനകള്‍ 11 മണിയോടെ തന്നെ പുറത്ത് വരും. സ്ഥാനാര്‍ത്ഥികളുടെ വിജയം തീരുമാനിക്കുന്നത് ഉച്ചയോടെ ആകും. എന്നാല്‍ അന്തിമഫലം വൈകുമെന്നാണ് സൂചന. വോട്ടെണ്ണല്‍ പ്രകിയ വൈകിയാല്‍ ഫലപ്രഖ്യാപനവും അതിനനുസരിച്ച് വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണി ഇത് വോട്ടുകളുമായി ഒത്തു നോക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സുതാര്യത ഉറപ്പാക്കാനുള്ള ഈ നടപടിയിലൂടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥര്‍ തന്നെ ഇരുന്ന് വട്ടമിട്ട് വിവിപാറ്റുകള്‍ എണ്ണണം. ഒരു തവണയല്ല, മൂന്ന് തവണ എണ്ണല്‍ പൂര്‍ത്തിയാക്കണം. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് 543 മണ്ഡലങ്ങളില്‍ എട്ടെണ്ണത്തിലാണ് ആദ്യ പരീക്ഷണമായി വിവിപാറ്റുകള്‍ ഉപയോഗിച്ചത്.
എന്നാല്‍, അത് വോട്ടുമായി ഒത്തു നോക്കിയിരുന്നില്ല. ഇത്തവണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി ഉദ്യോഗസ്ഥ/നും നേരിട്ട് വിവിപാറ്റ് എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കണം. രാജ്യമൊട്ടാകെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് ജനവിധി തേടിയത്. 10.3 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പ്രക്രിയ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നീളുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫലപ്രഖ്യാപനവും വൈകുന്നത്.
Discussion about this post