ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്ന് സുപ്രീം കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എഎസ് ബൊപ്പണ്ണ, ബിആര്‍ ഗവി, സൂര്യകാന്ത് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിയത്.
ഇതില്‍ അനിരുദ്ധ ബോസിന്റെയും എഎസ് ബൊപ്പണ്ണയുടെയും പേരുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു. പ്രാദേശിക പ്രാതിനിധ്യവും സീനിയോരിറ്റി പ്രശ്നവും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇവരുടെ പേരുകള്‍ തിരിച്ചയച്ചത്.
എന്നാല്‍ കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കാതെ രണ്ടുപേരെയും വീണ്ടും കൊളീജിയം ശുപാര്‍ശ ചെയ്യുകയായിരുന്നു. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച കേന്ദ്രം പേരുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. വ്യാഴാഴ്ച ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് വിവരം.
ജസ്റ്റിസ് അനിരുദ്ധ ബോസ് നിലവില്‍ ജാര്‍ഘണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് പ്രവര്‍ത്തിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗാവി ബോംബെ ഹൈക്കോടതിയിലും ജസ്റ്റിസ് സൂര്യകാന്ത് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലും ജഡ്ജിമാരാണ്.