വോട്ടില്‍ ആശങ്ക തീരുന്നില്ല; ഫലപ്രഖ്യാപനം വൈകുന്നതിനാല്‍ ആദ്യം വിവി പാറ്റുകള്‍ എണ്ണില്ല; പ്രതിപക്ഷത്തെ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

ന്യൂഡല്‍ഹി: വോട്ടെണ്ണലിന് മണിക്കൂറുകള്‍ ശേഷിക്കെ ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

നേരത്തെ, തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമല്ലാതെ കടത്തുന്നതിന്റേയും സ്‌ട്രോങ് റൂമുകളിലേക്ക് പുറത്തുനിന്നും വോട്ടിങ് മെഷീനുകള്‍ എത്തിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഈ ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളില്‍ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Exit mobile version