ലഖ്നൗ: തീക്കട്ടയില്‍ ഉറുമ്പരിക്കുമോ എന്ന സംശയമൊക്കെ ഈ യുപി പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തോടെ മിക്കവര്‍ക്കും മാറിയിട്ടുണ്ടാകും. തീക്കട്ടയില്‍ ഉറുമ്പരിക്കുക മാത്രമല്ല, തീക്കട്ട ഇക്കാര്യം അറിഞ്ഞതുപോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം നടന്നത്. ഇവിടുത്തെ പോലീസ് സ്റ്റേഷനില്‍ കയറി ഒരു സംഘം വന്‍ കവര്‍ച്ച നടത്തുകയായിരുന്നു. കുറ്റകൃത്യം നടന്നത് കണ്ടെത്തിയതാകട്ടെ ഒന്നര ദിവസത്തിന് ശേഷവും. പോലീസ് സ്റ്റേഷനില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് മോഷണം പോയത്. പോലീസ് സ്റ്റേഷന് കെട്ടിട സമുച്ചയത്തില്‍ തന്നെയുള്ള സ്റ്റോര്‍ മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
മെയ് 20 ന് രാവിലെ സ്റ്റോര്‍ മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട സ്റ്റോര്‍ ഇന്‍ ചാര്‍ജാണ് സംഭവം സ്റ്റേഷനിലറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മെയ് 18 ന് രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. സ്റ്റേഷനിലെ രജിസ്റ്റര്‍ പരിശോധിച്ച് മോഷണം പോയ വസ്തുക്കളുടെ കണക്കുമെടുത്തു.
രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, വലുതും ചെറുതുമായ 90 ബാറ്ററികള്‍, പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, നാല് ഹൈ ഡെഫിനിഷന്‍ സിസിടിവി ക്യാമറകള്‍, ഒരു ‘ജുഗാഡ്’ വാഹനം, സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്സന്റ്, ഹോണ്ട സിറ്റി കാറുകളുടെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ടു സ്ത്രീകളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, സ്റ്റേഷന്റെ സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടെയെത്തിയ ആളുകളെ കുറിച്ച് കണക്കെടുക്കാന്‍ സമയമെടുക്കും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജോലികള്‍ക്കായി പോലീസുദ്യോസ്ഥരെ മറ്റിടങ്ങളില്‍ വിന്യസിച്ചിരുന്നതാണ് മോഷ്ടാക്കള്‍ ഫലപ്രദമായി ഉപയോഗിച്ചത്.
Discussion about this post