അഹമ്മദാബാദ്: കൊടും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മള് പല വഴികളും നോക്കാറുണ്ട്. എന്നാല്‍ ഇവിടെ ചൂടിനെ പ്രതിരോധിക്കാന്‍ വ്യത്യസ്തമായൊരു വഴി കണ്ടെത്തിയിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിനി സേജല്‍ ഷാ.
ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിക്കാന്‍ കാറിന് പുറത്ത് ചാണകം മെഴുകിയിരിക്കുകയാണ് സേജല്‍ ഷാ. പുറംമോടിയില്‍ വളരെ കൃത്യതയോടെ ചാണകം മെഴുകിയ കാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടി കഴിഞ്ഞു. രൂപേഷ് ഗൗരങ്കദാസ് എന്നയാളാണ് കാറിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
തൂവെള്ള നിറത്തിലുള്ള തന്റെ ടൊയോട്ട കൊറോള കാറാണ് സേജല്‍ ചാണകം കൊണ്ട് പൊതിഞ്ഞത്. ‘ചാണകപ്പണി’ക്ക് ശേഷം ചൂട് കുറഞ്ഞോ എന്ന കാര്യം അറിയില്ലെങ്കിലും ചിത്രങ്ങളും ഒപ്പം സേജല്‍ ഷായും വൈറലായി. നമ്പര്‍ പ്ലേറ്റും ഗ്ലാസുകളും ഒഴികെ കാറിന്റെ മറ്റെല്ലാ ഭാഗവും ചാണകം മെഴുകിയ നിലയിലാണ് ചിത്രങ്ങളില്‍ കാണുന്നത്. ചൂട് കാലത്ത് തണുപ്പ് കിട്ടുന്നതിനും തണുപ്പ് കാലത്ത് ചൂട് കിട്ടുന്നതിനുമായി ഗ്രാമങ്ങളില്‍ ആളുകള്‍ വീടിന്റെ നിലത്ത് ചാണകം മെഴുകാറുണ്ട്.
എന്നാല്‍ കാറില്‍ തേച്ചിരിക്കുന്നത് ചാണകമാണോയെന്ന സംശയവും പലര്‍ക്കുമുണ്ട്. എന്തായാലും ചാണകം മെഴുകിയ കാറിന്റെ ചിത്രങ്ങള്‍ കേരളത്തിലടക്കം വൈറലായി കഴിഞ്ഞു.
Discussion about this post