പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നു; മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

ഭോപ്പാല്‍: തങ്ങളുടെ 10 എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ആരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. പണവും പദവിയും വാഗ്ദാനം ചെയ്തും പലവിധ പ്രലോഭനങ്ങളുമായും ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്ന് എംഎല്‍എമാര്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും കമല്‍നാഥ് പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കമല്‍നാഥിന്റെ പ്രതികരണം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തിയിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

മധ്യപ്രദേശില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നും ഇതോടെ കമല്‍നാഥ് സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടപ്പെടുമെന്നുമാണ് ബിജെപി വ്യക്തമാക്കുന്നത്. അതെസമയം തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും വിശ്വാസവോട്ട് നേരിടാന്‍ തയ്യാറാണെന്നും കമല്‍നാഥ് വ്യക്തമാക്കിയിരുന്നു.മധ്യപ്രദേശില്‍ ശിവ്രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ 15 വര്‍ഷത്തെ ഭരണത്തിന് ഒടുക്കം കുറിച്ചായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പ് ആയത് കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ മിന്നും വിജയം കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ പുറത്ത് വന്ന് എല്ലാ സര്‍വ്വേകളും എന്‍ഡിഎ വിജയം കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്.

ആകെ 231 സീറ്റുകളില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 120 എംഎല്‍എമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. എന്‍ഡിഎയ്ക്ക് 109 സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസിന് 113 സീറ്റുകള്‍, ബിഎസ്പി 2, എസ്പി 1, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് ഭരണപക്ഷമായ കോണ്‍ഗ്രസിന്റെ പിന്തുണ.

Exit mobile version