ചെന്നൈ: അണ്ണാ ഡിഎംകെയ്ക്ക് എതിരായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ പാര്‍ട്ടി പദവി രാജിവെച്ച് അണ്ണാ ഡിഎംകെ എംഎല്‍എ. അണ്ണാ ഡിഎംകെയുടെ പോഷക സംഘടനയായ അമ്മ പേരാവൈയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ എന്‍ഡി വെങ്കിടാചലം ആണ് പാര്‍ട്ടി പദവി രാജിവെച്ചത്. ഇദ്ദേഹം തമിഴ്നാട്ടിലെ പെരുന്തുരൈ മണ്ഡലത്തിലെ എംഎല്‍എയാണ്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ നേരില്‍ കണ്ട് അദ്ദേഹം രാജിക്കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വെങ്കിടാചലം പറയുന്നത്. നേതൃപദവി മാത്രമാണ് ഒഴിയുന്നതെന്നും, എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകനായി പുറത്ത് തുടരുമെന്ന് അദ്ദേഹം പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹത്തിന് അമ്മാ പേരാവൈയുടെ നേതൃസ്ഥാനം നല്‍കിയത്.
നേതൃപദവി ഒഴിയാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോള്‍ പറയില്ലെന്നും ഒരു സമയം വരുമെന്നും അപ്പോള്‍ പറയാമെന്നും നേതാവ് പറയുന്നു. വെങ്കിടാചലവും തമിഴ്നാട്ടിലെ മന്ത്രി കെസി കറുപ്പണ്ണനും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രിസ്ഥാനം കുറേക്കാലമായി വെങ്കിടാചലം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇത് കിട്ടാത്തതിനാലാവാം രാജിയെന്നാണ് ലഭിക്കുന്ന വിവരം.