എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് അനുകൂലം; കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിലേക്ക്

എന്‍ഡിഎയിലേക്ക് പോകുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോഷന്‍ ബൈഗ് മുസ്ലിങ്ങളോട് എന്‍ഡിഎയുമായി സഹകരിക്കാനും അവര്‍ക്ക് കൈകൊടുക്കാനും തയ്യാറാകണമെന്നും അഭ്യര്‍ത്ഥിച്ചു.

ബംഗളൂരു: ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായി. എന്‍ഡിഎയിലേക്ക് പോകുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോഷന്‍ ബൈഗ് മുസ്ലിങ്ങളോട് എന്‍ഡിഎയുമായി സഹകരിക്കാനും അവര്‍ക്ക് കൈകൊടുക്കാനും തയ്യാറാകണമെന്നും അഭ്യര്‍ത്ഥിച്ചു.

‘എന്‍ഡിഎ അധികാരത്തില്‍ വരികയാണെങ്കില്‍, ഒരാവശ്യം വന്നാല്‍ മുസ്ലിങ്ങള്‍ എന്‍ഡിഎയോട് സഹകരിക്കാനും അവര്‍ക്ക് കൈകൊടുക്കാനും തയ്യാറാകണം, എന്നാണ് കര്‍ണ്ണാടകത്തിലെ മുതിര്‍ന്ന നേതാവായ റോഷന്‍ ബൈഗിന്റെ ആവശ്യം. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരേയൊരു മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് സീറ്റ് നല്‍കിയതെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരൊറ്റ പാര്‍ട്ടിയോട് മാത്രം കൂറുപുലര്‍ത്തേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം വേണ്ടിവന്നാല്‍ ബിജെപിയില്‍ ചേരുമെന്നും വ്യക്തമാക്കി.

‘ആത്മാഭിമാനത്തോടെ ജീവിക്കുന്നവരാണ് ഞങ്ങള്‍. ഇരിക്കുന്ന സ്ഥലത്ത് അത് കിട്ടുന്നില്ലെന്ന് ഉറപ്പായാല്‍ പിന്നെ സ്‌നേഹവും കരുതലും കിട്ടുന്ന മറ്റൊരിടത്തേക്ക് പോകും,’ അദ്ദേഹം പറഞ്ഞു.

Exit mobile version