കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിന് അവസാനമില്ല. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഇന്നലെ രാത്രി ബംഗാളിലെ കൂച്ച്ബിഹാറില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും വീണ്ടും ഏറ്റുമുട്ടി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലും വലിയ അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഇതില്‍ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എന്നാല്‍ ഒരാളെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു ബിജെപി പ്രവര്‍ത്തകന്റെ കച്ചവട സ്ഥാപനം നശിപ്പിതായും ആക്ഷേപമുണ്ട്. അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂലാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, മമത ബാനര്‍ജിയുടെ പാര്‍ട്ടി ഇതെല്ലാം നിഷേധിക്കുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പിലും പശ്ചിമബംഗാളില്‍ വ്യാപക അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്‍ക്കത്ത നഗരത്തിലുള്‍പ്പടെ പലയിടത്തും അക്രമവും ബൂത്ത് പിടിത്തവും സംഘര്‍ഷവും ബോംബേറും അരങ്ങേറി. നിരവധി സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങള്‍ തകര്‍ത്തിരുന്നു.
നേരത്തെ, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചിരുന്നു. മെയ് 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ നിന്ന് ഒരു ദിവസമാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി.