ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലത്തെ ഐശ്വര്യ റായിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്രോള്‍ ട്വീറ്റ് ചെയ്ത ബോളിവുഡ് താരം വിവേക് ഒബ്റോയിക്ക് ദേശീയ വനിതാ കമ്മീഷന് നോട്ടീസ് അയച്ചു.
വിവേക് ഒബ്റോയിയുടെ മുന്‍ കാമുകിയായിരുന്നു ഐശ്വര്യ റായി. ഐശ്വര്യ റായ്, സല്മാന് ഖാന്, അഭിഷേക് ബച്ചന്, ആരാധ്യ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങള്‍ വച്ചുള്ള മീം ഉപയോഗിച്ചാണ് വിവേക് ട്രോള്‍ ട്വീറ്റ് ചെയ്തത്. ഐശ്വര്യ സല്മാന് ഖാനൊപ്പം നില്ക്കുന്ന ചിത്രത്തെ അഭിപ്രായ സര്‍വേ എന്നും വിവേകുമൊത്തുള്ള ചിത്രത്തെ എക്സിറ്റ് പോള്‍ എന്നും അഭിഷേകിനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തെ തെരഞ്ഞെടുപ്പ് ഫലം എന്നും പറഞ്ഞാണ് വിവേക് ട്വീറ്റ് ചെയ്തത്. ‘രാഷ്ട്രീയമില്ല വെറും ജീവിതം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്വിറ്ററില്‍ ട്രോള്‍ പോസ്റ്റ് പങ്കുവെച്ചത്.
താരത്തിന്റെ ട്വീറ്റ് സ്ത്രീ വിരുദ്ധമാണെന്ന് നിരീക്ഷിച്ച വനിതാ കമ്മീഷന് വിവേകിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റ് നിന്ദ്യവും അധാര്‍മികവും സ്ത്രീവിരുദ്ധവുമാണെന്ന് വനിതാ കമ്മീഷന് നോട്ടീസില്‍ പറയുന്നുണ്ട്. ഇതിനൊപ്പം ട്രോള്‍ പോസ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ, ഐശ്വര്യയുടെ മകളുടെ ചിത്രം ഉപയോഗിച്ചതും കമ്മീഷന് എടുത്തുകാട്ടുന്നു. സോഷ്യല്‍മീഡിയയിലും അപമാനിക്കപ്പെട്ട വ്യക്തിയോടും വിവേക് ഒബ്റോയി ഖേദപ്രകടനം നടത്തണമെന്ന് ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ പറഞ്ഞു. താരം ഇതിന് തയാറല്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. ട്വീറ്റ് നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെടുമെന്നും രേഖ ശര്‍മ പറഞ്ഞു.
അതേ സമയം വിവേകിന്റെ ഈ ട്വീറ്റിനെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി. ‘തീര്‍ത്തും അരോചകം’ എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. കായികതാരം ജ്വാല ഗുട്ടയും വിവേകിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയില്‍ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററില്‍ കുറിച്ചു.
Haha! 👍 creative! No politics here….just life 🙏😃
Credits : @pavansingh1985 pic.twitter.com/1rPbbXZU8T
— Vivek Anand Oberoi (@vivekoberoi) May 20, 2019
Discussion about this post