ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. മെയ് 23 വരെ പ്രതിപക്ഷം ദിവാസ്വപ്നം കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ പാളിപ്പോയതു പ്രതിപക്ഷനേതാക്കള്‍ ചൂണ്ടിക്കാട്ടിയതിനെ പരിഹസിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മെയ് 23 വരെ രാവും പകലുമിരുന്ന് പ്രതിപക്ഷത്തിനു സ്വപ്നം കാണാം. പക്ഷേ അന്നുച്ചയ്ക്ക് 12 മണിയോടെ അവരറിയും അവരുടെ സ്വപ്നം സത്യമായില്ലെന്ന്. ശരിയായ ഫലത്തിനുവേണ്ടി നമുക്കു കാത്തിരിക്കാം. എക്സിറ്റ് പോളുകള്‍ കാണിക്കുന്നതിനേക്കാള്‍ വലിയ വിജയമായിരിക്കും ബിജെപിയുടേതെന്ന് എനിക്കുറപ്പുണ്ട്’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏതു നേതാവിനെക്കാളും വ്യത്യസ്തനും ജനകീയനുമാണ് മോഡിയെന്നും രാം മാധവ് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിലാണ് ഒരു നേതാവിന്റെ പ്രാവീണ്യം മനസിലാകുക. അതിപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റുവാണെങ്കിലും ഇന്ദിരാ ഗാന്ധിയാണെങ്കിലും അടല്‍ ബിഹാരി വാജ്പേയിയാണെങ്കിലും. ഭാഗ്യത്തിന് മോഡിയെപ്പോലൊരു നേതാവാണു ഞങ്ങള്‍ക്കുള്ളത്. മോഡിതരംഗത്തിന് അനുകൂലമായ ഫലം വരുമെന്നു ഞങ്ങള്‍ക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നില മെച്ചപ്പെടുത്തുമെന്നും രാം മാധവ് പറഞ്ഞു. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും കര്‍ണാടകത്തില്‍ ഇരുപതിലധികം സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.