അഹമ്മദാബാദ്: സ്ഥലനാമങ്ങള്‍ മാറ്റി മറിച്ച് കൊതി തീരാതെ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കിയത് പിന്നാലെ അഹമ്മദാബാദിനെ കര്‍ണാവതി ആക്കാനൊരുങ്ങി ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. നിയമ തടസ്സങ്ങളില്ലെങ്കില്‍ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിയമതടസ്സങ്ങള്‍ മറികടക്കാനാവശ്യമായ പിന്തുണകള്‍ ലഭിച്ചാല്‍ പേരുമാറ്റാന്‍ ഞങ്ങളെപ്പോഴും ഒരുക്കമാണ്’-പട്ടേല്‍ പറയുന്നു.
അതിന്റേതായ സമയം എത്തിച്ചേര്‍ന്നാല്‍ പേരുമാറ്റുമെന്നാണ് പട്ടേല്‍ പറയുന്നത്. എന്നാല്‍ ഇത് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് ഗിമ്മിക്ക് ആണെന്നായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷിയുടെ പ്രതികരണം. രാമക്ഷേത്ര നിര്‍മ്മാണം പോലെ ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ബിജെപി ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മറ്റ് ചില നഗരങ്ങളുടേയും പേരുകള്‍ ബിജെപി സര്‍ക്കാരുകള്‍ ഇത്തരത്തില്‍ മാറ്റിയിരുന്നു.
ലോക പൈതൃക പദവിയുള്ള ഇന്ത്യയിലെ ഒരേ ഒരു നഗരമാണ് അഹമ്മദാബാദ്. പുരാതന കാലത്ത് ആസാവല്‍ എന്നായിരുന്നു അഹമ്മദാബാദ് പ്രദേശം അറിയപ്പെട്ടിരുന്നത്. പിന്നീട് ആസാവല്‍ രാജാവിനെ യുദ്ധത്തില്‍ പാരജയപ്പെടുത്തിയ ചാലൂക്യ രാജാവ് കര്‍ണയാണ് സബര്‍മതി നദിയുടെ തീരത്ത് കര്‍ണാവതി നഗരം സ്ഥാപിച്ചത്. പിന്നീട് 1411 ല്‍ കര്‍ണാവതിക്ക് സമീപം മറ്റൊരു നഗരം സ്ഥാപിച്ച സുല്‍ത്താന്‍ അഹമ്മദ് ഷാ ഈ നഗരത്തിന് അഹമ്മദാബാദ് എന്ന് പേര് നല്‍കുകയായിരുന്നു.
Discussion about this post