ഛത്തീസ്ഗഡ്: യുവതിയെ പീഡിപ്പിച്ചതിന് ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ഛത്തീസ്ഗഡ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗമായ പ്രകാശ് ബജാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിനാലുകാരിയായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഇയാള്‍ തന്നെ നിരവധി തവണ പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്.
2016 ല്‍ വീട് വാങ്ങുന്നതിനായി കരുതിയിരുന്ന പത്ത് ലക്ഷം രൂപ താന്‍ പ്രകാശിനെ ഏല്‍പ്പിച്ചിരുന്നു. ബാക്കി തുക ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോണ്‍ ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ തരാനെന്ന വ്യാജേന ഓഫീസില്‍ വിളിച്ചു വരുത്തിയ ഇയാള്‍ തന്നെ പലതവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്.
അതേസമയം ഈ സംഭവത്തെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ പണം തിരികെ നല്‍കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിച്ചു. ഇതുവരെ തനിക്ക് പണം തിരികെ നല്‍കിയിട്ടില്ലെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇതേ തുടര്‍ന്ന് കേസെടുത്ത ഛത്തീസ്ഗഡ് സിവില്‍ ലൈന്‍ പോലീസ് പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Discussion about this post