ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായശേഷം ദേശീയ, പ്രാദേശിക ചാനലുകളും ഏജന്‍സികളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നലെ പുറത്തുവിട്ടു കഴിഞ്ഞു. മുന്‍ തെരഞ്ഞെടുപ്പിലേതു പോലെ തന്നെ എന്‍ഡിഎ വീണ്ടും അധികാരത്തിലേറുമെന്നും മോഡിഭരണം തുടരുമെന്നാണ് ഈ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. മെയ് 23 വരെ കാത്തിരിക്കാനും അതു നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ പറഞ്ഞു.
മുഴുവന്‍ വോട്ട് ശതമാനവും സീറ്റ് വിഹിതത്തിലേക്കു മാറ്റുന്നതു ശ്രമകരമാണ്. രാജ്യത്തു ഭയം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അവരുടെ കാഴ്ചപ്പാട് തുറന്നുപറയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്‌സിറ്റ് പോള്‍ ഫലമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. തനിക്ക് ഈ എക്‌സിറ്റ് പോള്‍ ഫലത്തില്‍ വിശ്വാസമില്ലെന്നും മമത ട്വിറ്ററില്‍ കുറിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നും ഒന്നിച്ച് നിന്ന് പോരാടുമെന്നും മമത പറഞ്ഞു.
എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് ( യഥാര്‍ത്ഥ)പോളുകളല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. 1999 മുതലുള്ള എക്‌സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.
അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും അഭിപ്രായപ്പെട്ടിരുന്നു. എക്‌സിറ്റ് പോള്‍ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച്ച 56 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല, പലപ്പോഴും അങ്ങനെ ചോദിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്നുള്ളവാരാണെന്നാണ് അവര്‍ ഭയപ്പെടുന്നു. മേയ് 23 ന് യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കാമെന്നും ശശിതരൂര്‍ കുറിച്ചു.
Discussion about this post