ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ്-നീല്‍സണ്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേ. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 56 ഉം എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം നേടുമെന്നാണ് പ്രവചനം. ബിജെപി 22 സീറ്റുകള്‍ മാത്രമേ ഉത്തര്‍പ്രദേശില്‍ നേടുകയുള്ളൂവെന്നും സര്‍വ്വേ പ്രവചിക്കുന്നു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ ഇത്തവണ ബിജെപി തകര്‍ന്നടിയുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
കഴിഞ്ഞ തവണ 80 സീറ്റുകളില്‍ 71 സീറ്റുകളും നേടിയത് ബിജെപിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റെന്ന നിലയിലേക്ക് ബിജെപിയെ ഉയര്‍ത്തിയതില്‍ യുപിയില്‍ അവര്‍ നേടിയ 71 സീറ്റുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അപ്നാ ദളിന് 2 സീറ്റുകളും സമാജ്‌വാദി പാര്‍ട്ടിക്ക് 5 സീറ്റും. കോണ്‍ഗ്രസിന് രണ്ട് സീറ്റും ബിഎസ്പിക്ക് കഴിഞ്ഞ തവണ ഒരു സീറ്റുപോലും ഉണ്ടായിരുന്നില്ല. ഇത്തവണ മഹാസഖ്യം ബിജെപിക്കെതിരെ അതിശക്തമായ മത്സരമാണ് പുറത്തെടുത്തത്. ബിജെപിയെ പുറത്താക്കുക എന്നത് ലക്ഷ്യം വച്ച് രാഹുല്‍ ഗാന്ധി മത്സരിച്ച അമേത്തിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും മഹാസഖ്യത്തിന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല.
Discussion about this post