വാഷ് റൂമുള്ള ഗുഹയുണ്ടാക്കിയത് എട്ടു ലക്ഷത്തിന് ലക്ഷ്യം ധ്യാനമല്ല, വോട്ട് മാത്രം

കേദാർനാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി കേദാര്‍നാഥില്‍ ധ്യാനമിരുന്ന ഗുഹ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആറു മാസത്തിനുള്ളില്‍ നിര്‍മ്മിച്ചതാണെന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നു. എട്ട് ലക്ഷം രൂപ മുടക്കി ബെഡ് റൂം അടക്കമുള്ള സൗകര്യങ്ങളോടെയാണ് ഗുഹ നിര്‍മ്മിച്ചത്. ഹിന്ദു വികാരം ഉയര്‍ത്തി വാരണാസിയിലെ വോട്ട് നേടാനുള്ള ധ്യാന പരിപാടി നേരത്തേ തീരുമാനിച്ചുറപ്പിച്ചതാണെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.

രാജ്യത്ത് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേദാര്‍നാഥിലെ ധ്യാനം പൂര്‍ത്തിയാക്കി ഗുഹയില്‍ നിന്ന് പുറത്തിറങ്ങി. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലായിരുന്നു മോഡിയുടെ ഏകാന്ത ധ്യാനം. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് ഗുഹ സ്ഥിതിചെയ്യുന്നത്. രാജ്യത്ത് വോട്ടെടുപ്പ് കഴിഞ്ഞ് ഫല പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ മോഡിയുടെ ധ്യാനം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.

2018 നവംബറില്‍ തന്നെ ഗുഹയ്ക്കുള്ള പദ്ധതി തയ്യാറാക്കിയിരുന്നു.മോഡിയുടെ നിര്‍ദേശ പ്രകാരം വെട്ടുകല്ലുകള്‍ കൊണ്ടാണ് ഗുഹ നിര്‍മ്മിച്ചത്. 8 ലക്ഷം രൂപ മുടക്കി ബെഡ്റൂമും 2 മീറ്റര്‍ നീളമുള്ള വാഷ് റൂമും ഇന്റര്‍നെറ്റും ടെലിഫോണും ഇലക്ട്രിസിറ്റി സൗകര്യവുമുള്ള മോഡേണ്‍ ഗുഹ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു.

ഇത് സാധാരണ ഗുഹയല്ല ഒരു സമയം ഒരാള്‍ക്ക് മാത്രമാണ് രുദ്ര ഗുഹയില്‍ ധ്യാനത്തിനുള്ള അവസരം. മാനസികവും ശാരീരികവുമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ധ്യാനത്തിനുള്ള അനുമതി. ആധുനിക സൗകര്യങ്ങളെല്ലാം രുദ്രയില്‍ ലഭ്യമാണ്. രാവിലെ ചായ മുതല്‍ പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ടത്തെ ചായ, അത്താഴം അങ്ങനെ എല്ലാം ലഭിക്കും. ധ്യാനത്തിനെത്തുന്നവരുടെ താല്‍പര്യമനുസരിച്ച് ഭക്ഷണക്രമത്തില്‍ വ്യത്യാസം വരുത്താം. 24 മണിക്കൂറും പരിചാരകന്റെ സേവനം ലഭ്യം. ഇവിടത്തെ ധ്യാനത്തിനുള്ള ബുക്കിംഗ് ഓണ്‍ലൈന്‍ വഴി ചെയ്യാം. ഇതിനായി 3,000 രൂപയോളമാണ് ചെലവ് വരിക.

ഗുഹാ ജീവിതമെന്നാല്‍ പാമ്പും പഴുതാരയുമുള്ള പാറമടക്കിലെ ഗുഹയാണ് എന്ന് കരുതിയവര്‍ക്ക് തെറ്റി. നല്ല ഒരു തുക ചെലവാക്കി തന്നെയാണ് ഈ ഗുഹ നിര്‍മ്മിച്ചത്. കൂടെ വന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ക്യാമറാമാനും വരുന്ന ചെലവുകള്‍ കൂടി കണക്കാക്കിയാല്‍ ലക്ഷങ്ങള്‍ പൊടിയുന്ന ആഡംബര യാത്രതന്നെ. പണ്ട് പ്രപഞ്ച പരിത്യാഗികളായ സന്ന്യാസിമാര്‍ ചെയ്ത പോന്ന ദാരിദ്ര്യം പിടിച്ച ധ്യാനം അല്ല എന്ന് ചുരുക്കി പറയാം.

പരമ്പരാഗത പഹാഡി വസ്ത്രവും രോമക്കമ്പിളിയുമണിഞ്ഞ മോഡിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേദാര്‍നാഥിലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമായിരുന്നു മോഡി രുദ്ര ഗുഹയില്‍ ധ്യാനം തുടങ്ങിയതും.

Exit mobile version