പാറ്റ്‌ന: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂറിന്റെ വിവാദ പ്രസ്താവനകളില്‍ ബിജെപിക്ക് മുന്നറിയിപ്പു നല്‍കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. പ്രജ്ഞാ സിങ് താക്കൂറിനെ പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നതോടെ പ്രജ്ഞാ സിങിനെ ബിജെപി തള്ളിപ്പറഞ്ഞു. ഒടുവില്‍ വിവാദത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ താക്കൂര്‍ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് പ്രതികരിച്ചത്.
പ്രജ്ഞാ സിങിനോടും ഗോഡ്‌സെയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയ മറ്റു നേതാക്കളോടും ബിജെപി വിശദീകരണം തേടിയിരിക്കുകയാണ് ബിജെപി. വിവാദ പ്രസ്താവനകള്‍ നടത്തിയ അനന്ദ് കുമാര്‍ ഹെഗ്‌ഡേ, പ്രജ്ഞാ സിങ് താക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവര്‍ പാര്‍ട്ടിയുടെ അച്ചടക്ക സമിതിക്ക് മുമ്പാകെ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭവത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.