മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനം അന്തിമം; വിവാദങ്ങള്‍ അനാവശ്യം; അശോക് ലവാസയ്ക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഭിന്നാഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ വിവാദം അനാവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. അശോക് ലവാസയ്ക്കുള്ള മറുപടിയിലാണ് അറോറ തന്റെ നിലപാട് വ്യക്തമാക്കിയത്. ഭിന്നാഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്നും സുനില്‍ അറോറ പറഞ്ഞു.

നേരത്തെ, പ്രധാനമന്ത്രിക്ക് നിരവധി പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെ വിമര്‍ശനവുമായി കമ്മീഷനംഗം അശോക് ലവാസ രംഗത്തെത്തുകയായിരുന്നു.

മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോടുള്ള തന്റെ വിയോജിപ്പുകള്‍ രേഖയിലാക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് ലവാസ ഉന്നയിച്ചത്. ഇങ്ങനെ തുടര്‍ന്നാല്‍ കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.

Exit mobile version