ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി സഞ്ചരിച്ച് തീര്‍ത്തത് ഒന്നര ലക്ഷം കിലോമീറ്റര്‍ ദൂരം. ബിജെപിക്ക് ഏറെ നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനായി കിണഞ്ഞുപരിശ്രമിക്കുന്ന മോഡി 50 ദിവസങ്ങള്‍ കൊണ്ടാണ് റെക്കോര്‍ഡ് ദൂരം സഞ്ചരിച്ചത്. 142 പൊതുറാലികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏപ്രില്‍ 19-ന് മാത്രം മോഡി സഞ്ചരിച്ചത് ഏതാണ്ട് നാലായിരത്തോളം കിലോമീറ്ററാണ്. ഗുജറാത്തിലെ അമേലിയില്‍നിന്ന് കര്‍ണാടകയിലെ ചിക്കോടിയിലേക്കും കേരളത്തില്‍ തിരുവനന്തപുരത്തും മോഡി ആ ഒറ്റദിനത്തില്‍ പറന്നെത്തി. ഏറ്റവും ചൂടേറിയ തെരഞ്ഞെടുപ്പ് റാലി നടന്നത് മേയ് 8-ന് മധ്യപ്രദേശിലെ ഇറ്റാര്‍സിയിലായിരുന്നു- 46 ഡിഗ്രി. ഏറ്റവും താപനില കുറഞ്ഞ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് 18 ഡിഗ്രിയുള്ള അരുണാചലിലും. കൊല്‍ക്കത്തയില്‍ ഏപ്രില്‍ മൂന്നിന് നടന്ന റാലിയില്‍ ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേര്‍ എത്തിച്ചേര്‍ന്നു. ഇതാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത മോഡിയുടെ റാലിയെന്നും അമിത് ഷാ പറഞ്ഞു.
46 ഡിഗ്രി വരെ ഉയര്‍ന്ന പൊള്ളുന്ന ചൂടിലും മോഡി സജീവമായി പ്രചാരണം നടത്തിയതിനെ ഷാ അഭിനന്ദിച്ചു. ഫെബ്രുവരി മുതല്‍ മെയ് വരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രധാനമന്ത്രി എത്തി. മാര്‍ച്ച് 28-ന് മീററ്റില്‍ നിന്നു തുടങ്ങിയ പ്രചാരണത്തിന് പിന്നാലെ കടന്നുപോയത് 142 പൊതു റാലികള്‍. നാല് റോഡ് ഷോകള്‍. ഏതാണ്ട് ഒന്നരക്കോടിയോളം ജനങ്ങളെ മോഡി നേരിട്ട് അഭിസംബോധന ചെയ്തുവെന്നും ഷാ പറഞ്ഞു. താന്‍ 312 ലോക്സഭാ മണ്ഡലങ്ങളിലായി 161 പൊതുറാലികളില്‍ പങ്കെടുത്തുവെന്നും അമിത് ഷാ പറഞ്ഞു.
മോഡിക്കും അമിത് ഷായ്ക്കു പുറമേ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ് (129 റാലികള്‍), നിതിന്‍ ഗഡ്കരി (56 റാലികള്‍), സുഷമാ സ്വരാജ് (23 റാലികള്‍) തുടങ്ങിയവരും റാലിയില്‍ സജീവമായിരുന്നു.
Discussion about this post