വെല്ലൂര്‍: തന്നെ അവിശ്വസിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. താജ്പുരയില് ഇലക്ട്രീഷ്യനായ എസ് രാജ ( 25), മകന് പ്രണിത് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെല്ലൂര്‍ ആര്‍ക്കോട്ടിന് സമീപം താജ്പുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 20 കാരിയായ ദീപികയാണ് അറസ്റ്റിലായത്. തന്നെ ഭര്‍ത്താവിന് സംശയമാണെന്ന തോന്നലാണ് യുവതിയെ ക്രൂരകൊലപാതകത്തിലേയ്ക്ക് നയിച്ചത്.
ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ഇവര്‍ കൊലപ്പെടുത്തിയത്. സംഭവം കണ്ട് നിന്ന ഒരു വയസുകാരന് മകനെയും ഇവര്‍ കൊലപ്പെടുത്തി. സംഭവത്തിന് ദൃക്സാക്ഷിയായ മകന് വളര്‍ന്നുവന്നാല്‍ തന്റെ പിതാവിനെ കൊന്നത് അമ്മയാണെന്ന സത്യം തിരിച്ചറിയുമെന്ന ഭയത്തിലാണ് മകനെയും കൊന്നതെന്ന് ഇവര്‍ മൊഴി നല്കി. ഭര്‍ത്താവ് തന്നെ എപ്പോഴും സംശയിക്കുന്നത് സഹിക്കാന്‍ കഴിയാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പറഞ്ഞു.
പ്രണയത്തിലായിരുന്ന ദീപികയും രാജയും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. തന്റെ ഭര്‍ത്താവിനെയും കുഞ്ഞിനെയും മാര്‍ച്ച് 13 മുതല്‍ കാണാനില്ലെന്ന് കാണിച്ച് ദീപിക ആര്‍ക്കോട്ട് താലൂക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ദീപികയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്.
Discussion about this post