ന്യൂഡല്‍ഹി: ഭരണകക്ഷിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന ആരോപണം ശരിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ ഏകപക്ഷീയമായാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും അശോക് ലവാസ തുറന്നടിച്ചു.
തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ ഇനിയുള്ള യോഗങ്ങളില്‍ പങ്കെടുക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് ലവാസ. പെരുമാറ്റ ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന ചീഫ് ഇലക്ഷന് കമ്മീഷണര്‍ സുനില്‍ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. മോഡിക്കും അമിത് ഷായ്ക്കും എതിരായ പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്കുന്നതില് ലവാസയ്ക്ക് വിയോജിപ്പ് ഉണ്ടായിരുന്നെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. യോഗത്തിനിടെ താന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവില്‍ അത് ഉണ്ടായിരുന്നില്ലെന്നു ലവാസ പറഞ്ഞു.
മോഡിയുടെ രണ്ട് പരാമര്‍ശങ്ങളിലാണ് അശോക് ലവാസ ക്ലീന്‍ചിറ്റ് നല്‍കരുതെന്ന നിലപാട് എടുത്തത്. ഒന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന മോഡിയുടെ പരാമര്‍ശത്തിലും പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.
Discussion about this post