ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ വിവരങ്ങളാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തിയത്.
ഒമ്പതാംതരം പാഠപുസ്തകത്തില്‍ ‘ദേശീയ സുരക്ഷയും പരമ്പരാഗത ധീരത’യും എന്ന പേരിലാണ് പുതിയ അധ്യായം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാലകോട്ട് ആക്രമണത്തിനിടെ പാകിസ്താന്റെ പിടിയില്‍ അകപ്പെടുകയും പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ചുള്ള വീരകഥകള്‍ മാത്രമല്ല, കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോറിന്റെ ജീവിതവും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ബാലകോട്ട് മിന്നാലാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്ത ബാലാകോട്ട് വ്യോമസേന ആക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദൊതസ്ര വിശദീകരണവുമായി രംഗത്തെത്തി. തങ്ങള്‍ വിദ്യാഭ്യാസത്തില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ദൊതസ്ര പ്രതികരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം ലഭിക്കുന്നതിനാണ് വീരയോദ്ധാക്കളുടെ കഥകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ഈ ഇരുപത്തിയൊന്നും നൂറ്റാണ്ടില്‍ ബഹിരാകാശ സഞ്ചാരി കല്‍പന ചൗള, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിവരുടെ ജീവിതകഥകളും വിദ്യാര്‍ഥികള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.