ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ മെയ് 23 നുള്ള തെരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കാറ്റില്‍ പറത്തി ആദ്യ എക്സിറ്റ് പോള്‍ ഫലം ഇന്ത്യാ ടുഡേ പുറത്തുവിട്ടു. എക്സിറ്റ് പോള്‍ ഫലം പുറത്തു വിടുന്നത് നിയന്ത്രിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞ സമയം തീരും മുന്‍പേയാണ് ഇന്ത്യ ടുഡേ ആദ്യ എക്സിറ്റ് പോള്‍ ഫലം പുറത്ത് വിട്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കുന്ന ഫലമാണ് വരാന്‍ പോകുന്നത് എന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോളില്‍ പറയുന്നത്.
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം തികയ്ക്കില്ല എന്ന് മാത്രമല്ല 177 സീറ്റിലൊതുങ്ങും എന്നാണ് ബുധനാഴ്ച രാത്രിയോടെ പുറത്തുവിട്ട സര്‍വേയില്‍ പറയുന്നത്. അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ചാനലിന്റെ എക്സിറ്റ് പോള്‍ ഇന്ത്യാ ടുഡേ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്വാല് ട്വിറ്റര്‍ മുഖേന പുറത്തുവിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മാത്രം തനിച്ച് ഭൂരിപക്ഷം ലഭിച്ചെങ്കില്‍ ഇത്തവണ എന്‍ഡിഎക്ക് മൊത്തത്തില്‍ 177 സീറ്റുകളേ കിട്ടൂവെന്ന് എക്സിറ്റ് ഫലം പ്രവചിക്കുന്നു. 274 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎക്ക് 141 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഇരുമുന്നണിയിലും പെടാത്ത കക്ഷികള്‍ക്ക് 224 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിജെപിയും കോണ്‍ഗ്രസും അല്ലാത്ത പ്രാദേശിക കക്ഷികള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവും എന്ന തരത്തിലുള്ള പല പ്രീ പോള്‍ സര്‍വേകളും നേരത്തെ പുറത്ത് വന്നിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് 336 സീറ്റും ബിജെപിക്കു തനിച്ച് 282 സീറ്റും ലഭിച്ചിരുന്നു. യുപിഎക്ക് 59 ഉം കോണ്‍ഗ്രസിന് തനിച്ച് 44 സീറ്റും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപ്രകാരം അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ എക്സിറ്റ് ഫലം പുറത്തുവിടാന്‍ പാടുള്ളൂ. ഇതുപ്രകാരം അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ചയേ ഫലം പുറത്തുവിടാനാവൂ. എന്നാല്‍ അതിനു മുമ്പ് തന്നെ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് ഭാഗികമായി പുറത്ത് വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ബിജെപി പരാതിയായി വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ എല്ലാവിധത്തിലുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കംചെയ്യണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. തങ്ങളുടെ എക്സിറ്റ് ഫലം സംബന്ധിച്ച പരിപാടിയുടെ പ്രചാരണ പരസ്യത്തിന്റെ ഭാഗമായാണ് ടീസര്‍ ആയി ഫലം ഭാഗികമായി ചാനല്‍ പുറത്തുവിട്ടതെന്നാണ് ഇന്ത്യാ ടുഡേ മാനേജ്മെന്റ് പറയുന്നത്. ട്വിറ്ററിനൊപ്പം മുന്‍കാലങ്ങളില്‍ തങ്ങള്‍ പുറത്തുവിട്ട എക്സിറ്റ് ഫലങ്ങള്‍ 95 ശതമാനവും ശരിയായിരുന്നുവെന്നും ഇന്ത്യാ ടുഡേ അവകാശപ്പെടുന്നുണ്ട്. 2017ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന് ഞങ്ങള്‍ പ്രവചിച്ചു, അത് സത്യമായി. ഗോവയിലും മേഘാലയയിലും തൂക്കുസഭ പ്രവചിച്ചപ്പോള്‍ അതും ശരിയായെന്നും രാഹുല്‍ കന്‍വാള്‍ പറഞ്ഞു. എക്സിറ്റ് പോള്‍ ഫലത്തിന്റെ പൂര്‍ണ്ണരൂപം 19ന് വൈകീട്ട് അഞ്ചുമണിക്ക് പുറത്തുവിടുമെന്നും ഇന്ത്യാ ടുഡേ അറിയിച്ചു.
Discussion about this post