അറവാ കുറിച്ചി: കമല്‍ഹാസനെ വിടാതെ നാഥുറാം ഗോഡ്‌സെയ്‌ക്കെതിരായ പരാമര്‍ശം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹത്തിന് നേരെ ചെരുപ്പേറ് നടത്തിയിരുന്നു. ഇപ്പോള്‍ ചീമുട്ടയേറും കല്ലേറും നടത്തിയിരിക്കുകയാണ്. എന്നാല്‍ ആ അക്രമികളെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്സെയാണെന്നാണ് കമല്‍ഹാസന്‍ നടത്തിയ പ്രസ്താവന. ഇതിനു പിന്നാലെ വ്യാപക അക്രമമാണ് ബിജെപി സംഘപരിവാര്‍ താരത്തിന് നേരെ അഴിച്ചു വിട്ടത്. ഇപ്പോഴും പ്രതിഷേധങ്ങള്‍ നടത്തി വരികയാണ്. അതിന്റെ ഭാഗമായാണ് കമല്‍ഹാസന് നേരെ ചീമുട്ടയേറും കല്ലേറും നടത്തിയത്.
എന്നാല്‍ ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന് അക്രമികളെ കൈമാറുകയുമായിരുന്നു. അതേസമയം പ്രതിഷേധം കടുക്കുന്ന സാഹചര്യത്തില്‍ കമല്‍ഹാസനോട് പ്രചാരണം നിര്‍ത്തിവയ്ക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പത്തിലേറെ ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post