ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെയുള്ള ലൈംഗിക പരാതിയില്‍ വീണ്ടും ട്വിസ്റ്റ്. പരാതിക്കാരി നീതി കിട്ടാന്‍ പരമാവധി ശ്രമിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇതിന്റെ ഭാഗമായി യുവതി അപ്പീലിന് പോകുമെന്ന് സൂചന.
സുപ്രീം കോടതി മുന്‍ ജീവനക്കാരിയാണ് പരാതിയുമായി രംഗത്ത് വന്നിരുന്നത്. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നംഗ അന്വേഷണ സമിതി ചീഫ് ജസ്റ്റിസിനോട് ചോദ്യങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ നിന്ന് അദ്ദേഹം നിരപരാതി ആണെന്ന് കണ്ടെത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. മാത്രമല്ല യുവതിയുടെ പരാതി തള്ളുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യുവതി നീതിക്കായി അപ്പീലിന് പോകുന്നത്.
കോടതിയിലെ സര്‍വ്വീസ് റൂളുകള്‍ അനുസരിച്ച് ചീഫ് ജസ്റ്റിസിന് മുമ്പാകെ തന്നെ യുവതി അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. സുപ്രീം കോടതി മുന്‍ ജീവനക്കാരി ആയിരുന്നു പരാതിക്കാരി. തന്നെ ചീഫ് ജസ്റ്റിസ് 2 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു പീഡനം നടന്നതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് താന്‍ നേരിട്ട ക്രൂരത തുറന്നു കാട്ടി 22 ജഡ്ജുമാര്‍ക്ക് യുവതി കത്ത് നല്‍കിയിരുന്നു. കൂടാതെ വൈരാഗ്യം തീര്‍ക്കാന്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയും പരാതി നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആയിരുന്നു സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ രൂപീകരിച്ചത്.
Discussion about this post