ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്റര്‍ അഭിനന്ദന് വര്ദ്ധമാന് പാക് കസ്റ്റഡിയില്‍ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ അഭിനന്ദനെ 40 മണിക്കൂറോളം ചോദ്യം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. ബലാക്കോട്ടിലെ വ്യോമാക്രമണത്തിന് ശേഷം കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യാ-പാകിസ്താന് സംഘര്‍ഷം കനത്ത സമയത്തായിരുന്നു അഭിനന്ദന് പിടിയിലായത്.
ഇസ്ലാമാബാദിലെത്തിച്ച അഭിനന്ദനെ അവിടെ നിന്നും നാല് – അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റാവല്‍പിണ്ടിയിലേക്ക് മാറ്റിയിരുന്നെന്നും അവിടെ വെച്ചാണ് ഐസ്ഐ ചോദ്യം ചെയ്തതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അഭിനന്ദനെ ഡീബ്രീഫിങ്ങ് നടത്തിപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റാവല്‍പിണ്ടിയിലേക്ക് മാറ്റിയത് ഐഎസ്ഐയുടെ നീക്കമായിരുന്നു. റാവല്‍പ്പിണ്ടിയില്‍ അടച്ചിട്ട മുറിയില്‍ രണ്ട് ദിവസത്തോളം ഐഎസ്ഐ ചോദ്യം ചെയ്തു. മുഴക്കമുള്ള ശബ്ദം കേള്‍ക്കുന്നതും കണ്ണില്‍ കുത്തുന്ന തറച്ച വെളിച്ചവുമുള്ള മുറിയില്‍ പ്രവേശിക്കപ്പെട്ട അഭിനന്ദനെ ഓരോ അര മണിക്കൂറിലും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
ഇതിനിടെ പാകിസ്താന് പുറത്തുവിട്ട അഭിനന്ദന് ചായ കുടിക്കുന്നതും സരസമായി സംസാരിക്കുന്നതുമായ വീഡിയോ പാക് സൈന്യത്തിന്റെ മെസില്‍ നിന്ന് എടുത്തതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പുറത്തുവന്ന രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും താന്‍ കൂടുതലൊന്നും സംസാരിച്ചില്ലെന്നും അഭിനന്ദന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വീഡിയോയിലുള്ള ശബ്ദം തന്റേ തല്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന് ഡീബ്രീഫിങ്ങില്‍ സമ്മതിച്ചു.
ഏതാണ്ട് 58 മണിക്കൂറോളമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നതിനു മുമ്പായി അഭിനന്ദന് പാക് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. അതിന് ശേഷം വാഗാ അതിര്‍ത്തി വഴി പാകിസ്താന് ഇന്ത്യയ്ക്ക് കൈമാറിയ അഭിനന്ദന് വര്‍ദ്ധമാനെ ന്യൂറോ, മാനസികാരോഗ്യം, ഓര്‍ത്താല്‍മോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
Discussion about this post