ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ, സുപ്രധാന നിലപാടുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും പ്രശ്നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. മോഡിയേയും ബിജെപിയേയും വീണ്ടും അധികാരത്തിലെത്തുന്നതില്‍ നിന്നും തടയുക എന്നതാണ് ലക്ഷ്യമെന്നും അതിനായാണ് കോണ്‍ഗ്രസ് ശ്രമങ്ങളെന്നും ഗുലാംനബി ആസാദ് പറഞ്ഞു.
ഇതോടെ, എന്‍ഡിഎ ഇതര മന്ത്രിസഭയാണ് അധികാരത്തിലെത്തുന്നത് എങ്കില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് വാശി പിടിക്കില്ലെന്ന് ഉറപ്പായി. ചെറുകക്ഷികള്‍ക്ക് വന്‍സ്വാധീനം ചെലുത്താന്‍ കഴിയുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരാന്‍ പോകുന്നതെന്ന് നേരത്തെയും സൂചനകളുണ്ടായിരുന്നു. ഇതോടെ മുഖ്യപ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന്റെ മന്ത്രിസഭാ രൂപീകരണത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. തെളിയുകയും ചെയ്തിരുന്നു.
അതേസമയം, എന്‍ഡിഎയ്ക്ക് എതിരായി നില്ക്കുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സഖ്യനീക്കങ്ങളില്‍ വലിയ ചലനമുണ്ടാക്കാവുന്ന നിര്‍ണായക പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.
‘ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ അത് കോണ്‍ഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല’- എന്നായിരുന്നു ഗുലാം നബി ആസാദിന്റെ വാക്കുകള്‍. ”ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് നമ്മള്. പ്രചാരണത്തിനിറങ്ങിയ എനിക്ക് മനസ്സിലായത് എന്‍ഡിഎയോ ബിജെപിയോ അധികാരത്തിലെത്തില്ല എന്ന് തന്നെയാണ്. നരേന്ദ്രമോഡി ഇനിയൊരു തവണ കൂടി പ്രധാനമന്ത്രിയാകില്ല. എന്‍ഡിഎ – ബിജെപി വിരുദ്ധ സര്‍ക്കാര്‍ ഇനി അധികാരത്തില്‍ വരും”, ആസാദ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പിടിവാശി കളഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തിയത് പ്രതിപക്ഷത്തിനിടയിലെ ഐക്യത്തിന് കൂടുതല്‍ സഹായകരമാകും. രാഹുല്‍ തന്റെ നിലപാട് അറിയിക്കാന്‍ മുതിര്‍ന്ന നേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നെന്നും സൂചനയുണ്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ തഴഞ്ഞ് സഖ്യമുണ്ടാക്കിയ എസ്പി – ബിഎസ്പി മഹാസഖ്യത്തിനും ഡല്‍ഹിയില്‍ സഖ്യത്തിന് വിസമ്മതിച്ച ആം ആദ്മി പാര്‍ട്ടിക്കുമുള്ള മറുപടിയായാണ് കോണ്‍ഗ്രസിന്റെ തിരുത്തിയ നിലപാട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരുന്നത്. ഇതിനോടൊപ്പം കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നീക്കിവെച്ചിരുന്നത് രാഹുല്‍ ഗാന്ധിയുടെ പേരുമായിരുന്നു. എന്നാല്‍ പുതിയ പിന്മാറ്റത്തോടെ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ വീണ്ടും കൊഴുത്തേക്കും.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, മമതാ ബാനര്‍ജിയോ മായാവതിയോ ആകും പ്രധാനമന്ത്രിയാകാന്‍ യോഗ്യരെന്നാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചത്.
Discussion about this post