ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഗംഗയുടെ മകനാണ് താന്‍ എന്ന് പറഞ്ഞായിരുന്നു നരേന്ദ്ര മോഡിയുടെ വരവ്. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ മോഡിയുടെ മടക്കം റാഫേല്‍ ഏജന്റായിട്ടാണെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
മോഡിയെ ഞാന്‍ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിക്കുകയാണ്. സ്വയം അഴിമതി നടത്തിയിട്ടില്ലെന്നും അതിന് ആരേയും അനുവദിച്ചിട്ടില്ലെന്നുമുള്ള വിഷയമാണ് അതിന് തെരഞ്ഞെടുക്കുന്നത്. ആ സംവാദത്തില്‍ താന്‍ പരാജയപ്പെട്ടാല്‍ എന്നന്നേക്കുമായി താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോഡിയെന്നും സിദ്ദു കുറ്റപ്പെടുത്തി. കൂടാതെ ഫേക്കു നമ്പര്‍ വണ്‍ എന്നും സിദ്ദു മോഡിയെ വിശേഷിപ്പിച്ചു.
മോഡി ഹിന്ദുത്വയെ കുറിച്ച് സംസാരിക്കുന്നു എന്നാല്‍ അതിന്റെ തത്വങ്ങള്‍ അദ്ദേഹം പാലിക്കുന്നില്ല. തെരഞ്ഞെടുപ്പ് വേളയില്‍ നല്കിയ 342 ഓളം വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിച്ചില്ല. ഇനി ഒരു തവണ കൂടി അധികാരത്തിലെത്തുമെന്ന് മോഡി സ്വപ്നം കാണുക പോലും വേണ്ടെന്നും സിദ്ദു പറഞ്ഞു.