ന്യൂഡല്‍ഹി; മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അഗ്നി പരീക്ഷയാവും. കാരണം കഴിഞ്ഞ ആറു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പിലും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായിട്ടില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ കരുതുന്നത്. ഈ സാഹചര്യത്തില്‍ അവസാന ഘട്ടം ബിജെപിക്കും എന്‍ഡിഎക്കും ഏറെ നിര്‍ണായകമാണ്. കോണ്‍ഗ്രസിനും ഇത്തവണ തിരിച്ചു വരവിന് വഴിയൊരുങ്ങണമെങ്കില്‍ അവസാന ഘട്ടത്തിലെ തിരഞ്ഞെടുപ്പില്‍ മിന്നും ജയം അനിവാര്യമാണ്.
483 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി അവശേഷിക്കുന്ന 59 സീറ്റുകളിലാണ് രാജ്യത്തിന്റെ എല്ലാ ശ്രദ്ധയും. മോഡി സര്‍ക്കാറിനെതിരായ ശക്തമായ അടിയൊഴുക്ക് തെരഞ്ഞെടുപ്പിലുണ്ടായെന്ന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വ്യക്തമാക്കിയതോടെ അവസാന ഘട്ട വോട്ടെടുപ്പില്‍ പരമാവധി സീറ്റുകള്‍ കരസ്ഥമാക്കാനായി ബിജെപിയും കോണ്‍ഗ്രസും മഹാസഖ്യവും ആപ്പും അകാലിദളും തൃണമൂലും എല്ലാം അരയും തലയും മുറുക്കി പ്രാചരണ രംഗത്തുണ്ട്. 8 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് 19ന് നടക്കുന്ന ഏഴാമത്തേതും അവസാനത്തേതുമായ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ് (13), പഞ്ചാബ് (13), പശ്ചിമ ബംഗാള്‍ (9), ബിഹാര്‍ (8), മധ്യപ്രദേശ് (8), ഹിമാചല്‍ പ്രദേശ് (4), ജാര്‍ഖണ്ഡ് (3), ചണ്ഡീഗഡ് (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 59ല്‍ 33 ഇടത്തും ബിജെപിയാണ് വിജയിച്ചത്. ബിജെപിയുടെ സഖ്യകക്ഷികള്‍ 10 ഇടത്തും, ഒമ്പത് ഇടത്ത് ടിഎംസിയും നാലിടത്ത് എഎപിയും മൂന്നിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ജെഎംഎം, ഒരിടത്ത് ജനതാദള്‍ യുവുമാണ് വിജയിച്ചത്.
എന്നാല്‍ ഇത്തവണ യുപിയിലും മധ്യപ്രദേശിലും ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വലിയ പ്രതീക്ഷകള്‍ക്ക് വകയില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
യുപിയില്‍ ബിഎസ്പി-എസ്പി, ആര്‍എല്‍ഡി മഹാ സഖ്യവും മധ്യപ്രദേശില്‍ കോണ്‍ഗ്രസും കടുത്ത പോരാട്ടമാണ് ബിജെപിക്ക് മുന്പില് കാഴ്ച്ച വെയ്ക്കുന്നത്. പഞ്ചാബില്‍ കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിനും ഇത്തവണ കോണ്‍ഗ്രസിനു മുന്നില്‍ കാലിടറുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
എന്‍ഡിഎ വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന ബിഹാറിലും വിശാല സഖ്യം എന്‍ഡിഎ സീറ്റുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ 13 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ശക്തമായ മത്സരം നടക്കുന്ന പഞ്ചാബില്‍ ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് നു വേണ്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരിട്ട് തന്നെ ഇപ്പോള്‍ പ്രചാരണ രംഗത്തുണ്ട്.
മോഡി ഭട്ടിന്‍ഡയില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി ലുധിയാനയിലും ഹൊഷിയാര്‍പൂരിലും കഴിഞ്ഞ ദിവസം പ്രചരണം നടത്തിയിരുന്നു. ആദ്യഘട്ടങ്ങളില്‍ പ്രചാരണരംഗത്ത് തുടര്‍ച്ചയായി പ്രസംഗിച്ചതിനാല്‍ തൊണ്ടയ്ക്ക് തകരാറ് സംഭവിച്ച് വിശ്രമത്തിലായിരുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലെ സ്റ്റാര്‍ കാമ്പയിനറും പഞ്ചാബ് മന്ത്രിയും കൂടിയായ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു അവസാന ഘട്ട പ്രചാരണത്തില്‍ സജീവമാണ്.
Discussion about this post