ഔറംഗാബാദ്: പഠിക്കുന്ന വേളയില്‍ പ്രണയം തോന്നാത്തവര്‍ ആയി ആരുമില്ല. ചിലത് പാതിവഴിയില്‍ പൊലിഞ്ഞു പോകും. അപൂര്‍വ്വമായി ചില പ്രണയങ്ങള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ കല്യാണത്തിലെത്തും. മറ്റ് ചിലത് ഒളിച്ചോടി വിവാഹം കഴിക്കും. ഇപ്പോള്‍ കോളേജ് ജീവിതത്തിലുള്ള ഒരു പ്രണയം തന്നെയാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. ഈ പ്രണയം അല്‍പ്പം വ്യത്യസ്തം തന്നെയാണ്.
പരീക്ഷയില്‍ തോറ്റതിനു കാരണം കാമുകിയാണെന്നും നഷ്ടപരിഹാരമായി കോളേജ് ഫീസ് യുവതി തരണമെന്നുമാണ് ഈ കാമുകന്റെ ആവശ്യം. പണം ആവശ്യപ്പെട്ടതോടെ യുവതി ബന്ധം അവസാനിപ്പിച്ചു. ഔറംഗബാദിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഹോമിയോപതി ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് 21 കാരനായ കാമുകന്‍. കാമുകി നിരന്തരം ശല്യപെടുത്തിയതാണ് തന്റെ പരാജയകാരണമെന്നും അതിന് പകരമായി പെണ്‍കുട്ടി ഫീസ് അടയ്ക്കണമെന്നുമായിരുന്നു കാമുകന്റെ ആവശ്യം.
പരീക്ഷയില്‍ തോറ്റത് മൂലം നാലുവര്‍ഷത്തെ കോഴ്‌സ് ആദ്യവര്‍ഷം തന്നെ കാമുകന് നിര്‍ത്തേണ്ട അവസ്ഥയാണ്. ഇതിനാലാണ് ആദ്യവര്‍ഷത്തെ ഫീസ് കാമുകി നല്‍കണമെന്ന വിചിത്ര ആവശ്യം ഇയാള്‍ ഉന്നയിച്ചത്. പെണ്‍കുട്ടി ആവശ്യം നിരസിച്ചതിനു പിന്നാലെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇതില്‍ പ്രകോപിതനായ കാമുകന്‍ പെണ്‍കുട്ടിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ പോലീസില്‍ പരാതി പറഞ്ഞു. കാമുകനെതിരെ ഇപ്പോള്‍ പോലീസ് ക്രിമിനല്‍ കേസ് എടുത്തിരിക്കുകയാണ്.