ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ ഹാസന്റെ പരാമര്‍ശം വിവാദമായതോടെ മക്കള്‍ നീതി മയ്യം ഓഫിസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫീസിന് മുന്നില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷനാണ് കമല്‍ ഹാസന്‍.
മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്’ എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്.
ഈ പരാമര്‍ശത്തില്‍ കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് നടന്‍ രജനികാന്ത് വ്യക്തമാക്കിയത്.
Discussion about this post