ബംഗളൂരു: ന്യൂസ് നേഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ മണ്ടത്തരങ്ങള്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നതിനിടെ അടുത്ത പണിയുമായി കന്നഡ ടാബ്ലോയ്ഡ് രംഗത്ത് എത്തിയിരിക്കുകയാണ്. 1992 കാലത്ത് ഒരു കന്നഡ ടാബ്ലോയ്ഡിനു നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.
ബലാക്കോട്ടിലെ വ്യോമാക്രമണ സമയത്ത് പാകിസ്താന്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ മേഘങ്ങള്‍ മൂടിയ സമയം തെരഞ്ഞെടുത്തത് തന്റെ നിര്‍ദേശ പ്രകാരമാണെന്ന മോഡിയുടെ ‘മേഘ സിദ്ധാന്തത്തിനും’ 1988 ലെ ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ ഉപയോഗത്തിനെ കുറിച്ചുള്ള അടിസ്ഥാനമില്ലാത്ത അവകാശവാദത്തിനും പിന്നാലെയാണ് 1992ലെ കന്നട പത്രമായ ഉദയവാണിയുടെ ടാബ്ലോയ്ഡ് പതിപ്പായ ‘തരംഗ’യിലെ മോഡിയുടെ പൊങ്ങച്ചം നിറഞ്ഞ അഭിമുഖം വാര്‍ത്തയാകുന്നത്.
നാല്‍പത് വയസിന് മുമ്പേ താന്‍ ഗുജറാത്ത് ബിജെപി അധ്യക്ഷനായിരുന്നെന്നും ഗുജറാത്തിലെ ബിജെപിയുടെ എല്ലാ വിജയങ്ങളുടേയും ആണിക്കല്ല് താനാണെന്നും ബിജെപിയിലെ സാമ്പത്തിക കാര്യമടക്കമുള്ള എല്ലാ സുപ്രധാന നയപരമായ തീരുമാനങ്ങളും തന്റേതാണെന്നും മോഡി അഭിമുഖത്തില്‍ പറയുന്നുണ്ട്. തനിക്ക് ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും 1974 ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മ്മാണ സേനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ, സോഷ്യല്‍മീഡിയയെ ഏറ്റവും അമ്പരപ്പിച്ച ഒരു അവകാശവാദവും മോഡി നടത്തുന്നുണ്ട്. തനിക്ക് എഞ്ചിനീയറിങ് ബിരുദമുണ്ടെന്ന വാദമാണ് അത്. മോഡിയുടെ ഡിഗ്രി തന്നെ സംശയത്തിന്റെ നിഴലിലായിരിക്കെ അദ്ദേഹത്തിന്റെ പണ്ടത്തെ ഈ വാദം സോഷ്യല്‍മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
തന്റെ ഭരണകാലമായ കഴിഞ്ഞ അഞ്ച് വര്‍ഷം വാര്‍ത്താ സമ്മേളനം നടത്താന്‍ മോഡി തയ്യാറാകാതിരുന്നത് നന്നായെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന അഭിപ്രായം. കൂടുതല്‍ മണ്ടത്തരങ്ങള്‍ പറഞ്ഞ് ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്താതിരുന്നതിന് നന്ദിയെന്നും ട്രോളന്മാര്‍ പരിഹസിക്കുന്നു. ഭരണകാലത്ത് മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയത്തിലൂന്നിയ അഭിമുഖം നല്‍കാതിരുന്ന പ്രധാനമന്ത്രി മോഡിയുടെ പഴയ അഭിമുഖങ്ങള്‍ എല്ലാം കുത്തിപൊക്കി ആനന്ദനിര്‍വൃതിയടയുകയാണ് സോഷ്യല്‍മീഡിയ.
Discussion about this post