ഗാന്ധിനഗര്‍: ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു വിവാഹമാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഗുജറത്തിന്റെ എല്ലാ പ്രൗഢിയോടും ആഢംബരത്തോടും കൂടിയാണ് വിവാഹം നടക്കുന്നത്. സ്വര്‍ണ്ണനിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവും ധരിച്ച് കുതിരപ്പുറത്തേറി അജയ് വരന്റെ ഗാംഭീര്യത്തോടെ തന്നെ എത്തി. ബന്ധുക്കളും കൂട്ടുകാരും എല്ലാം കൂടി വിവാഹം പൊടിപൊടിക്കുന്നു. എന്നാല്‍ പ്രധാനപ്പെട്ട ഒന്നിന്റെ കുറവ് വിവാഹവേദിയില്‍ നിറഞ്ഞു നിന്നു. അത് മറ്റൊന്നുമല്ല വധു തന്നെ.
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലാണ് അപൂര്‍വ്വമായ വിവാഹാഘോഷം കൊണ്ടാടിയത്. ഇരുപത്തിയേഴുകാരനായ ഭിന്നശേഷിക്കാരനായ മകന്‍ അച്ഛന്‍ നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമായിരുന്നു ഈ ആഘോഷങ്ങള്‍. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചുപോയ അജയ്യെ അച്ഛനാണ് വളര്‍ത്തിയത്.
ചെറുപ്പത്തില്‍ തന്നെ പഠനവൈകല്യങ്ങളും അനുബദ്ധ പ്രശ്‌നങ്ങളും അജയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഔപചാരിക വിദ്യാഭ്യാസം അജയ്ക്ക് ലഭിച്ചിരുന്നില്ല. യുവാവായതോടെ ഏതെങ്കിലും വിവാഹാഘോഷത്തിന് പോകുമ്പോള്‍ അജയ് അച്ഛനോട് ചോദിക്കും എപ്പോഴാണ് എന്റെ വിവാഹം വരിക, എന്നാണ് ഇതുപോലെ കുതിരപ്പുറത്ത് ആനയിക്കുക എന്നൊക്കെ. ഭിന്നശേഷിക്കാരനായ മകന് ഒരു വധുവിനെ കണ്ടുപിടിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഈ അച്ഛന് ബോധ്യമുണ്ടായിരുന്നു. പ്രായം കൂടുന്തോറും അജയ്യുടെ ആഗ്രഹവും വാശിയും കൂടിവന്നതോടെ മകനെ സന്തോഷിപ്പിക്കാനായി ഒരു യഥാര്‍ഥ വിവാഹം നടത്തുന്ന എല്ലാ പ്രൗഢിയോടും കൂടി തന്നെ മകന്റെ വിവാഹ ഘോഷയാത്ര നടത്താന്‍ ഈ പിതാവ് തീരുമാനിക്കുകയായിരുന്നു. 800ല്‍ അധികം ആളുകള്‍ പങ്കെടുത്ത ചടങ്ങിന് ഏകദേശം രണ്ട് ലക്ഷം രൂപയോളം ചെലവായി.
Discussion about this post