ഫരീദാബാദ്: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏജന്റ് ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. വോട്ടിങ് മെഷീന് സമീപത്തെത്തിയ അയാള്‍ താമരയ്ക്ക് കുത്താനാണ് ആവശ്യപ്പെട്ടതെന്ന് വീട്ടമ്മ പറയുന്നു. ഫരീദാബാദിലെ പോളിങ് ബൂത്തില്‍ നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോളിങ് ഏജന്റിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഫരീദാബാദിലെ അസവോതി സ്വദേശിയായ ഗിരിരാജ് സിംഗിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വോട്ടിങ് ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആ ബൂത്തില്‍ റീപോളിങ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
ബൂത്തിലുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് വോട്ട് ചെയ്യാനാണ് ഗിരിരാജ് സിംഗ് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് വീട്ടമ്മയായ ശോഭ വെളിപ്പെടുത്തിയിരിക്കുന്നത്.
‘ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ താമരച്ചിഹ്നത്തിനടുത്തുള്ള ബട്ടണില്‍ പ്രസ് ചെയ്യാനാണ് അയാള്‍ പറഞ്ഞത്. വോട്ട് ആര്‍ക്ക് ചെയ്യണമെന്നത് എന്റെ തീരുമാനമാണെന്ന് ഞാന്‍ അയാളോട് പറഞ്ഞു.’ ശോഭ വെളിപ്പെടുത്തി.
എന്നാല്‍, നിരക്ഷരരായ സ്ത്രീകളെ വോട്ട് ചെയ്യാന്‍ സഹായിക്കുകയായിരുന്നു താന്‍ എന്നാണ് ഗിരിരാജ് സിംഗിന്റെ ന്യായീകരണം. 28 സ്ഥാനാര്‍ത്ഥികള്‍ ഉള്ളതിനാല്‍ രണ്ട് മെഷീനുകള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് വിചാരിച്ചാണ് താന്‍ സഹായിക്കാന്‍ ചെന്നതെന്നും അയാള്‍ പറഞ്ഞു.
Discussion about this post