മുംബൈ: വീട്ടില്‍ സൂക്ഷിച്ച കുടിവെള്ളം മോഷണം പോയെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് വീട്ടുടമ. മഹാരാഷ്ട്രയില്‍ വരള്‍ച്ച രൂക്ഷമായ നാസിക്കിലാണ് സംഭവം. നാസിക്കിലെ മന്‍മാഡ് പട്ടണത്തില്‍ ശ്രാവസ്തി നഗറില്‍ താമസിക്കുന്ന വിലാസ് അഹിരേയ്ക്കാണ് കുടിവെള്ളം നഷ്ടമായത്. ജലക്ഷാമം മുന്‍കൂട്ടി കണ്ട് വീട്ടിലെ ടെറസില്‍ രണ്ടു ടാങ്കുകളിലായി 500 ലിറ്റര്‍ വെള്ളം സൂക്ഷിച്ചുവെച്ചതായി അഹിരേ പറയുന്നു.
എന്നാല്‍ പിന്നീട് നോക്കിയപ്പോള്‍ ടാങ്കില്‍ കുറച്ച് വെള്ളം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും, ഏകദേശം 300 ലിറ്റര്‍ കുടിവെള്ളം മോഷണം പോയെന്നുമാണ് അഹിരേയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വാഗ്ദര്‍ഡി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മന്‍മാഡ് പട്ടണത്തില്‍ ജലവിതരണത്തിന്റെ താളംതെറ്റിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മഴ തീരേ കുറഞ്ഞതാണ് ജലവിതാനം താഴാന്‍ കാരണമെന്നാണ് തദ്ദേശ ഭരണകൂടം നല്കുന്ന വിശദീകരണം. വേനലിന്റെ കാഠിന്യം ഏറിയതോടെ മഹാരാഷ്ട്രയിലെ മിക്ക ഗ്രാമങ്ങളും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. മറാത്ത്വാഡയിലാണ് മുമ്പ് വരള്‍ച്ച രൂക്ഷമാകാറുള്ളത്. സംസ്ഥാനത്ത് അണക്കെട്ടുകളില്‍ വെള്ളത്തിന്റെ തോത് കുറഞ്ഞു. ചില അണക്കെട്ടുകള്‍ വറ്റി. ഇതോടെ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. വെള്ളമുള്ളവയില് തന്നെ സംഭരണശേഷിയുടെ നാലു ശതമാനം മുതല്‍ 20 ശതമാനം വരെയേ ഉള്ളൂ.
Discussion about this post